Sunday, May 19, 2024
spot_img

ഇലക്ട്രിക് വാഹന ഭീമൻ ടെസ്‌ല ഇന്ത്യയിൽ; ആദ്യത്തെ ഓഫീസ് ബെംഗളൂരുവിൽ

ബെംഗളൂരു: പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഇന്ത്യയില്‍ ഓഫീസ് ആരംഭിച്ചു. ഇന്ത്യയിൽ ആർഡി യൂണിറ്റും നിർമ്മാണ പ്ലാന്റും സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് ബെംഗളൂരുവിൽ പുതിയ ശാഖ ആരംഭിച്ചിരിക്കുന്നത്. എന്നാൽ കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ എന്തായിരിക്കും എന്ന് വ്യക്തമല്ല.

രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകൾ അനുസരിച്ച് ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്റ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി രജിസ്റ്റ‌‍ർ ചെയ്തിട്ടുള്ളത്. കമ്പനിയുടെ റജിസ്ട്രേഷന്‍ ജനുവരി എട്ടിനാണ് പൂര്‍ത്തിയായത് എന്ന് രേഖകള്‍ പറയുന്നു. ടെസ്ലയുടെ സീനിയർ ഡയറക്ടർ ഡേവിഡ് ജോൺ ഫെയ്ൻസ്‌റ്റൈൻ, ചീഫ് അക്കൗണ്ടിംഗ് ഓഫീസർ വൈഭവ് തനേജ, ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സംരംഭകനായ വെങ്കിട്ടറങ്കം ശ്രീറാം എന്നിവരാണ് ടെസ്ലയുടെ ഇന്ത്യൻ യൂണിറ്റിലെ ബോർഡ് അംഗങ്ങൾ.

” ഹരിത വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ യാത്രക്ക് കർണാടകം നേതൃത്വം നൽകും. ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ബെംഗളൂരു കേന്ദ്രമാക്കി ഇന്ത്യയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഇലോണ്‍ മസ്കിനെ ഞാൻ ഇന്ത്യയിലേക്കും കർണാടകത്തിലേക്കും സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു”- കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.

2021 തുടക്കത്തോടെ ടെസ്ല ഇന്ത്യയിൽ കാർ വിൽപ്പന തുടങ്ങുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ടെസ്ല മേധാവി ഇലോണ്‍ മസ്‌കും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 2021 ൽ കാർ വിൽപ്പനയിൽ ഇന്ത്യയിൽ സജീവമാകുന്നത് സംബന്ധിച്ചുള്ള സൂചനകൾ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്

Related Articles

Latest Articles