ഗുവാഹട്ടി: . പ്രണയിനി വിവാഹ വാഗ്ദാനം നിരസിച്ചുവെന്നാരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു. അസമിലെ സിൽച്ചാറിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ജയ്ദീപ് റോയ് എന്ന 27-കാരനായ മെഡിക്കൽ സെയിൽസ് പ്രൊഫഷണലാണ് ഫേസ്ബുക്കിൽ ലൈവിൽ വന്ന ശേഷം വാടകവീട്ടിലെ മുറിയിൽ വച്ച് തൂങ്ങിമരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വിവാഹ ആലോചനയുമായി പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നെന്നും എന്നാൽ എല്ലാവരുടെയും മുമ്പിൽ വച്ച് അവൾ തിരസ്‌കരിച്ചെന്നും. ഇതിന് ശേഷം അവളുടെ അമ്മാവൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവാവ് ആരോപിച്ചിരുന്നു . ഈ ബന്ധം തുടർന്നാൽ അവളെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഇനി ഈ ലോകത്തോട് വിട പറയുകയാണ്. താൻ കാരണം അവൾ ഇനി ദുരിതം അനുഭവിക്കേണ്ട. അമ്മയും പെങ്ങളും സഹോദരനും തന്നോട് ക്ഷമിക്കണം. നിങ്ങളെല്ലാവരെയും ഒരുപാട് സ്‌നേഹിക്കുന്നു. എങ്കിലും തന്റെ പ്രണയിനിയെ അതിലേറെ ഇഷ്ടപ്പെടുന്നു. അവളില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്നും ഫേസ്ബുക് ലൈവിൽ പറഞ്ഞ ശേഷം ജയ്ദീപ് ജീവനൊടുക്കുകയായിരുന്നു.
കാമുകിയുടെ കുടുംബത്തിന്റെ പെരുമാറ്റമാണ് ജയ്ദീപിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും യുവതിയുടെ കുടുംബത്തിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും യുവാവിന്റെ വീട്ടുകാർ പറഞ്ഞു.

