ഗോവ: ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ ഗോവ (GOA) തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് യതീഷ് നായിക് ബുധനാഴ്ച പാർട്ടിയിൽ നിന്ന് രാജിവെച്ചു. കോൺഗ്രസ് നേതാവായിരുന്ന യതീഷ് നായിക് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
“പാർട്ടി പ്രവർത്തിക്കുന്ന രീതി കാണുമ്പോൾ, പാർട്ടിയിൽ അംഗമായി തുടരാൻ തക്കതായ കാരണമൊന്നും കാണുന്നില്ല. ഇതിലെല്ലാം കടന്നു പോയതിൽ എനിക്ക് അപമാനവും ക്ഷീണവും നിരാശയും തോന്നുന്നു,” അദ്ദേഹത്തിന്റെ കത്തിൽ പറയുന്നു.
പാർട്ടി സ്ഥാനാർത്ഥികളുടെ ആദ്യ രണ്ട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട നായിക്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിഎംസി തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തതായി ആരോപിച്ചു. കൊൽക്കത്തയിൽ മമത ബാനർജിയുടെ സാന്നിധ്യത്തിൽ ടിഎംസിയിൽ ചേർന്ന ആദ്യ ഒമ്പത് പേരിൽ ഒരാളാണ് നായിക്.

