ഗുരുവായൂർ : ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ ഇത്തവണ കൊമ്പൻ ഗോകുൽ ജേതാവായി. ചെന്താമരാക്ഷൻ രണ്ടാമതും കണ്ണൻ മൂന്നാമതായും പിടിയാന ദേവി നാലാമതായും രവി കൃഷ്ണൻ അഞ്ചാമതായും ഓടിയെത്തി. ആകെ 19 ആനകളാണ് ഇന്ന് നടന്ന ആനയോട്ടത്തിൽ പങ്കെടുത്തത്
ക്ഷേത്രത്തിൽ നാഴികമണി മൂന്ന് അടിച്ചതോടെ ആനകൾക്ക് അണിയിക്കാനുള്ള മണികളുമായി പാപ്പാൻമാർ മഞ്ജുളാൽ പരിസരത്ത് തയ്യാറായി നിൽക്കുന്ന ആനകളുടെ അടുത്തേക്ക് ഓടി.തുടർന്ന് മഞ്ജുളാൽ പരിസരത്ത് ആനകൾളെ മണികൾ അണിയിച്ചു,ഇതിനുശേഷം മാരാർ ശംഖ് ഊതുകയും മത്സരം ആരംഭിക്കുകയും ചെയ്തു. കിഴക്കേ ഗോപുരത്തിലൂടെ മതിൽക്കകത്തേക്ക് ആദ്യം പ്രവേശിച്ച ഗോകുലിനെ വിജയിയായി പ്രഖ്യാപിച്ചു. ഉത്സവത്തിലെ സ്വർണക്കോലം ഏറ്റുന്നതടക്കമുള്ള ചുമതല ഇനി ഗോകുലിനാകും. ഉത്സവ നാളുകളിൽ ഗോകുലിന് ക്ഷേത്രത്തിൽ പ്രത്യേക പരിഗണനയും ലഭിക്കും.
1994 ജനുവരി ഒൻപതിനാണ് തൃശ്ശൂർ സ്വദേശിയായ എ.രഘുനന്ദൻ ഗോകുലിനെ ക്ഷേത്രത്തിൽ നടയ്ക്കിരുത്തുന്നത്. ഗോകുൽ ഒറ്റ കൊമ്പനാണ്. ഗുരുവായൂർ തെക്കെനടയിലെ ശീവേലി പറമ്പിൽ തെങ്ങ് വീണ് കൊമ്പുകൾക്ക് ഇളക്കം തട്ടുകയും പീന്നീട് ഒരു കൊമ്പ് നഷ്ട്ടപ്പെടുകയും ചെയ്തിരുന്നു.

