Wednesday, September 30, 2026

2022ലെ സമാധാന നൊബേൽ ജേതാവിന് തടവുശിക്ഷ വിധിച്ച് ബെലാറൂസ് കോടതി;
ആലെസ് ബിയാലിസ്റ്റ്സ്കിക്ക് തടവറയിൽ കിടക്കേണ്ടത് നീണ്ട പത്തുവർഷങ്ങൾ !

മോസ്കോ∙ കഴിഞ്ഞ വർഷത്തെ സമാധാന നൊബേൽ ജേതാവ് ആലെസ് ബിയാലിസ്റ്റ്സ്കിക്ക് ബെലാറൂസ് കോടതി10 വർഷം തടവുശിക്ഷ വിധിച്ചു. ബെലാറൂസിൽ സർക്കാരിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് ധനസഹായം നൽകി എന്നതാണ് ബിയാലിസ്റ്റ്സ്കിക്കുമേൽ ചുമത്തപ്പെട്ട കുറ്റം. ആലെസ് ബിയാലിസ്റ്റ്സ്കിക്കിനെയും മറ്റ് ആക്ടിവിസ്റ്റുകളെയും അന്യായമായി ശിക്ഷിക്കുകയാണെന്ന് നാടുകടത്തപ്പെട്ട പ്രതിപക്ഷ നേതാവ് വിയറ്റ്‌ലാന സിഖനൂസ്കയ ആരോപിച്ചു.

ബെലാറൂസിലെ പ്രശസ്ത അവകാശ സംരക്ഷണ പ്രവർത്തകനായഅദ്ദേഹം രണ്ടു വർഷത്തോളമായി തടവറയ്ക്കുള്ളിലാണ്. രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി അദ്ദേഹം 1996ൽ ‘വിയസ്ന’ എന്ന സംഘടന സ്ഥാപിച്ചു. തെരുവിൽ നടക്കുന്ന പ്രതിഷേധങ്ങൾ സ്വേച്ഛാധിപതിയായ അലക്സാണ്ടർ ലുകാഷെങ്കോ അടിച്ചമർത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹം സംഘടന രൂപീകരിച്ചത്.

യുദ്ധഭൂമിയിലടക്കം സ്വജീവൻ നോക്കാതെ മനുഷ്യാവകാശങ്ങൾക്കായി നടത്തിയ പോരാട്ടങ്ങളാണ് ആലെസിനെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനർഹനാക്കിയത്. ആലെസിനെ അടിയന്തിരമായി ജയിൽമോചിതനാക്കാൻ നോർവീജിയൻ നൊബേൽ കമ്മിറ്റി അന്ന് ആവശ്യപ്പെട്ടെങ്കിലും ബെലാറൂസ് സർക്കാർ മുഖവിലയ്‌ക്കെടുത്തില്ല.

Related Articles

Latest Articles