Monday, May 20, 2024
spot_img

കോഴിക്കോട് 31181, കൊച്ചിയില്‍ 21157; കാണികളുടെ എണ്ണത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ മലർത്തിയടിച്ച് ഗോകുലം എഫ് സി

കൊച്ചി:ഗാലറിലെത്തിയ കാണികളുടെ എണ്ണത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് ഗോകുലം കേരള എഫ്.സി. ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും എഫ്.സി ഗോവയും തമ്മില്‍ ഞായറാഴ്ച്ച നടന്ന മത്സരം കാണാനെത്തിയത് 21157 പേര്‍ മാത്രം. എന്നാല്‍ ശനിയാഴ്ച്ച കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഗോകുലം എഫ്.സിയും നെറോക്ക എഫ്.സിയും തമ്മിലുള്ള മത്സരത്തിനെത്തിയ ഫുട്‌ബോള്‍ ആരാധകരുടെ എണ്ണം 31181. കോഴിക്കോട് 10024 കാണികള്‍ കൂടുതല്‍.

ഐ-ലീഗ് സീസണിലെ ആദ്യ മത്സരത്തിനാണ് ഗോകുലം ഇറങ്ങിയതെന്നും അതിനാലാണ് കാണികളുടെ എണ്ണം കൂടിയതെന്നും കേരള ബ്ലാസ്റ്റേഴ്‌സിന് വേണമെങ്കില്‍ വാദിക്കാം. എന്നിരുന്നാലും ഐ-ലീഗിനേക്കാള്‍ എത്രയോ പകിട്ട് കൂടുതലുള്ള ഐ.എസ്.എല്ലിലാണ് കാണികളുടെ എണ്ണം കുറയുന്നതെന്ന് ഓര്‍ക്കണം. അതും മഞ്ഞപ്പടയുടെ ആരാധക കൂട്ടമുള്ള കലൂര്‍ സ്റ്റേഡിയത്തില്‍.

കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയ ആ ഒരൊറ്റ വിജയത്തിന് ശേഷം ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തലവര നേരെയായിട്ടില്ല. തുടര്‍ച്ചയായ തോല്‍വികളും സമനിലകളും മാത്രമായിരുന്നു കൂട്ട്. കലൂര്‍ സ്‌റ്റേഡിയത്തില്‍ എഫ്.സി ഗോവയ്‌ക്കെതിരേ മത്സരത്തിലെങ്കിലും ബ്ലാസ്റ്റേഴ്‌സ് വിജയിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ 92-ാം മിനിറ്റില്‍ എല്ലാം കളഞ്ഞുകുളിച്ചു. ഈ സീസണിലെ രണ്ടാം സമനിലയുമായി തൃപ്തിപ്പെടേണ്ടി വന്നു.

അതേസമയം ഐ-ലീഗില്‍ ഗോകുലം എഫ്.സിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. മാര്‍ക്കസ് ജോസഫും ഹെന്‍ട്രി കിസേക്കയും നിറഞ്ഞുകളിച്ച മത്സരത്തില്‍ ഗോകുലം 2-1ന് നെറോക്കയെ തോല്‍പ്പിച്ചു. ഏറെ ആവേശം പകരുന്നതായിരുന്നു മത്സരം.

Related Articles

Latest Articles