Wednesday, May 1, 2024
spot_img

ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരം : ഭൂമധ്യരേഖ പിന്നിട്ട് അഭിലാഷ് ടോമി; 14 നാവികരുമായി തുടങ്ങിയ മത്സരത്തിൽ അവശേഷിക്കുന്നത് 3 പേർ മാത്രം

ലെ സാബ്‌ലെ ദെലോൻ (ഫ്രാൻസ്) : ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുക്കുന്ന മലയാളിയായ ഇന്ത്യൻ നാവികസേനാ ഓഫിസർ അഭിലാഷ് ടോമി ഭൂമിയെ ഉത്തര– ദക്ഷിണ അർധഗോളങ്ങളായി വിഭജിക്കുന്ന സാങ്കൽപിക രേഖയായ ഭൂമധ്യരേഖ ഇന്നലെ മുറിച്ച് കടന്നു. ഇതോടെ, അഭിലാഷിന്റെ വഞ്ചി നോർത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലെത്തി. ഫിനിഷിങ് പോയിന്റായ ഫ്രാ‍ൻസിലെ ലെ സാബ്‌ലെ ദെലോൻ തുറമുഖത്തേക്ക് ഇനി 3170 നോട്ടിക്കൽ മൈൽ അഥവാ ഏകദേശം 5870 കിലോമീറ്റർദൂരം കൂടിയാണ് സഞ്ചരിക്കാനുള്ളത്.

ഭൂമധ്യരേഖയോടു ചേർന്നുള്ള കടലിൽ കാറ്റില്ലാത്ത നിശ്ചലാവസ്ഥയായ ഡോൾഡ്രംസ് സംജാതമായതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ വഞ്ചിക്ക് അധികദൂരം സഞ്ചരിക്കാൻ സാധിച്ചിരുന്നില്ല. ഭൂമധ്യരേഖ മറികടന്ന അഭിലാഷിന് ഏതാനും ദിവസങ്ങൾകൂടി ഇതേ അവസ്ഥയിൽ തുടരേണ്ടി വന്നേക്കാം.

കഴിഞ്ഞ വർഷം സെപ്റ്റംബർ 4ന് ആരംഭിച്ച മത്സരം ഇന്നലെ 208 ദിവസം പിന്നിട്ടു. ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫറാണ് അഭിലാഷിനു മുന്നിൽ ഒന്നാം സ്ഥാനത്തുള്ളത്. അവരുടെ വഞ്ചിയും കാറ്റില്ലാക്കടലിലാണിപ്പോൾ. 14 നാവികരുമായി തുടങ്ങിയ മത്സരത്തിൽ അപകടം, സാങ്കേതികത്തകരാർ തുടങ്ങിയ കാരണങ്ങളാൽ ഇപ്പോൾ 3 പേർ മാത്രമാണ് അവശേഷിക്കുന്നത്.

പ്രതീക്ഷിച്ചതിലും കൂടുതൽ ദിവസം കടലിൽ കഴിയേണ്ടി വരുമെന്നതിനാൽ ഭക്ഷണം റേഷൻ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഭിലാഷ് ടോമി കഴിക്കുന്നത്. അരിയും ടിന്നിലിടച്ച ഭക്ഷണവുമാണ് ഇനി സ്റ്റോക്കുള്ളത്. കാലാവസ്ഥ അനുകൂലമായാൽ ഏപ്രിൽ അവസാനത്തോടെ ഫിനിഷ് ചെയ്യാൻ സാധിച്ചേക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ

Related Articles

Latest Articles