ബീജിംഗ് : കൊറോണവൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവതി ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് ജന്മം നല്‍കി . ചൈനയുടെ ഹീലോംഗ്ജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാര്‍ബിനിലാണ് കൊറോണ വൈറസ് രോഗബാധിതയായ യുവതിയ്ക്ക് പെണ്‍കുഞ്ഞു ജനിച്ചത്. കുഞ്ഞിന് മൂന്ന് കിലോ ഭാരമുണ്ടെന്നും, കുഞ്ഞിന് വൈറസ് ബാധയില്ലെന്നും ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ജനുവരി 30 നായിരുന്നു യുവതിയുടെ പ്രസവം നടന്നത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ സുഖമായിരിക്കുന്നതായി ചൈനയില്‍ നിന്നുള്ള ടെലിവിഷന്‍ ചാനലായ സിജിടിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത വന്നതോടെ ചൈന ശുഭപ്രതീക്ഷയിലാണ്.
കൊറോണ വൈറസിന്റെ തുടക്കം ചൈനയിലെ വുഹാന്‍ പട്ടണമാണ്. അതേസമയം,ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. കഴിഞ്ഞ ദിവസം മാത്രം 57 പേരാണ് മരിച്ചത്. ഇതില്‍ അന്‍പത്താറും വൈറസിന്റെ ഉറവിടമായ ഹുബൈ പ്രവിശ്യയിലാണ്. വൈറസ് ബാധിച്ചവരുടെ ചികില്‍സയ്ക്കായി വുഹാനില്‍ പത്തുദിവസം കൊണ്ട് നിര്‍മിച്ച ആയിരം കിടക്കകളുള്ള ആശുപത്രി തുറന്നു. കൂടാതെ, ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് തുടരുമെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചു.

