Tuesday, December 16, 2025

ആന്ധ്രയിൽ ​ഗു​ഡ്സ് ട്രെയിൻ പാളം തെറ്റി; ആറ് തീവണ്ടികൾ റദ്ദാക്കി, പരിശോധന നടത്തുകയാണെന്ന് ദക്ഷിണ റെയിൽവേ

ഹൈദരാബാദ്: ആന്ധ്രയിലെ അങ്കെപ്പള്ളെയ്ക്കടുത്ത് ഗുഡ്‍സ് ട്രെയിൻ പാളം തെറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടസ്ഥലത്ത് പരിശോധന നടത്തുകയാണെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. തീവണ്ടി പാളം തെറ്റിയതിനെത്തുടർന്ന് ആറ് തീവണ്ടികൾ റദ്ദാക്കി. ആന്ധ്രയിൽത്തന്നെ സർവീസ് നടത്തുന്ന ആറ് തീവണ്ടികളാണ് റദ്ദാക്കിയത്. ഒരു തീവണ്ടിയുടെ സമയം മാറ്റി ക്രമീകരിച്ചുവെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.

ഒഡീഷ ട്രെയിൻ ദുരന്തത്തിന് പിന്നാലെ ജാർഖണ്ഡിലെ ബൊക്കാറോയിൽ ചൊവ്വാഴ്ച ദില്ലി-ഭുവനേശ്വർ രാജധാനി എക്‌സ്പ്രസ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. സന്താൽഡിഹ് റെയിൽവേ ക്രോസിന് സമീപം റെയിൽവേ ഗേറ്റിൽ ട്രാക്ടർ ഇടിച്ച് കുടുങ്ങിയതിനെ തുടർന്നാണ് അപകട സാധ്യതയുണ്ടായത്. എന്നാൽ, ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായതായി റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

ഭോജുദിഹ് റെയിൽവേ സ്റ്റേഷന് സമീപമുള്ള സന്താൽദിഹ് റെയിൽവേ ക്രോസിംഗിലാണ് അപകടമുണ്ടായത്. റെയിൽവേ ട്രാക്കിനും ഗേറ്റിനുമിടയിൽ ട്രാക്ടർ കുടുങ്ങുകയായിരുന്നു. ​ഗേറ്റ് ഇടിച്ചുതെറിപ്പിച്ച് എത്തിയ ട്രാക്ടർ ട്രാക്കിൽ കുടുങ്ങി. ഈ സമയമാണ് രാജധാനി എക്സ്പ്രസ് എത്തിയത്. ലോക്കോ പൈലറ്റ് ബ്രേക്കിട്ട് നിർത്തിയതിനാൽ അപകടം ഒഴിവായെന്ന് റെയിൽവേ ഉദ്യോ​ഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം നടന്നതെന്നും ട്രെയിൻ 45 മിനിറ്റോളം വൈകിയെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Related Articles

Latest Articles