കോഴിക്കോട്: സിനിമാ നിർമ്മാതാവിനെ ഭീഷണിപ്പെടുത്തിയ രണ്ട് പേരെ പൊലീസ് പിടികൂടി. കടക്കെണിയിലായ സിനിമാ നിർമ്മാതാവിനെ വീടൊഴിപ്പിക്കാനായി വെടിവെപ്പും ഗുണ്ടാ ആക്രമണവും നടത്തുകയായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ വൈഡ്യൂര്യം എന്ന സിനിമയുടെ നിർമ്മാതാവ് വിൽസണിന് എതിരെയാണ് ആക്രമണം ഉണ്ടായത്.
കോഴിക്കോട് നന്‍മണ്ടയിൽ ഇന്നലെയാണ് സംഭവം. കൊടിയത്തൂർ സ്വദേശികളായ ഷാഫി, മുനീർ എന്നിവരെയാണ് സംഭവത്തിൽ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വിൽസൺ സാമ്പത്തിക ബാധ്യത മൂലം വീട് ഈടുവെച്ച് വായ്പ എടുത്തിരുന്നു. ഇതേതുടർന്ന് ലേലത്തിൽ പോയ വീട് ഒഴിയാൻ വൈകിയതാണ് ആക്രമണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. വെടിയൊച്ച കേട്ട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
2010-ല്‍ സിനിമ നിർമ്മിക്കാൻ രണ്ട് കോടിയിലധികം രൂപ വില്‍സണിന് ചിലവായിരുന്നു. ഇതിനാൽ വീട് നിൽക്കുന്ന സ്ഥലമാണ് വില്‍സണ്‍ വായ്പയ്ക്ക് ഈടായി രജിസ്റ്റര്‍ ചെയ്തിരുന്നത്. കോടതിയിൽ എത്തിയ ഈ പ്രശ്നത്തിൽ കഴിഞ്ഞ ദിവസം വിൽസണെതിരെ വിധി വന്നിരുന്നു. ഇതിന് പിന്നാലെ, വീട് ഒഴിയാതിരുന്ന നിര്‍മ്മാതാവിനും കുടുംബത്തിനും നേർക്കാണ് വെടിവെപ്പും ഗുണ്ടാ ആക്രമണവും നടന്നത്.

