തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സംസ്ഥാന സർക്കാരിന്റെ ധൂർത്ത്. കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതിയായ മുൻ എംഡി കെഎ രതീഷിന്റെ ശമ്പളം ഇരട്ടിയിലധിമാക്കാൻ നീക്കവുമായി പിണറായി സർക്കാർ. നിലവിൽ ഖാദി ബോർഡ് സെക്രട്ടറിയായ രതീഷിന്റെ ശമ്പളം 80,000 ത്തിൽ നിന്നും 1,75000 മാക്കി ഉയർത്താനാണ് നീക്കം. അഴിമതിക്കേസിൽ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയും സർക്കാർ നിഷേധിച്ചിരുന്നു. നിലവിൽ ജീവനക്കാർക്ക് ശമ്പളം നൽകാൻ തന്നെ ഖാദി ബോർഡ് ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സെക്രട്ടറിയായ കെ.എ രതീഷിന്റെ ശമ്പളം ഇരട്ടിയാക്കാനുള്ള ശുപാർശ സർക്കാറിന് മുന്നിൽ ഉള്ളത്.
കിൻഫ്ര എംഡിക്ക് അനുവദിച്ച ശമ്പളത്തിന് തുല്യമായ 1,75000 രൂപ തനിക്കും ശമ്പളമായി വേണമെന്നാണ് രതീഷ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് ഖാദി ബോർഡ് ചെയർമാനായ വ്യവസായ മന്ത്രി ഇപി ജയരാജന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു. പിന്നീട് ധനവകുപ്പും ഇത് ശരിവെച്ചു.
തുടർന്ന് അവസാന വട്ട പരിശോധനകൾക്കായി വ്യവസായ സെക്രട്ടറിയുടെ മുന്നിൽ എത്തിയപ്പോഴാണ് വ്യവസായ സെക്രട്ടറി ചില ചോദ്യങ്ങളുന്നയിച്ച് ഫയൽ മാറ്റി വച്ചിരിക്കുന്നത്.

