ഇന്ത്യയിൽ നിന്നുള്ള മുടി കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. നിയന്ത്രണങ്ങളുടെ അഭാവം കള്ളക്കടത്തിനു കാരണമാകുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു നടപടി. സർക്കാർ ഉത്തരവ് പ്രകാരം വാണിജ്യ മന്ത്രാലയത്തിന് കീഴിലുളള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെ അനുമതിയോടെയേ ഇനി മുടി കയറ്റുമതി നടത്താവൂ.
ഇന്ത്യയ്ക്ക് പുറമേ ചൈന, കംബോഡിയ, വിയറ്റ്നാം, മ്യാന്മര് തുടങ്ങിയ രാജ്യങ്ങളില്‍നിന്നും മുടി കയറ്റുമതി ചെയ്യുന്നുണ്ട്. വിഗ് നിർമാണത്തിനും മറ്റ് സൗന്ദര്യവർധക ഉപകരണ നിർമാണത്തിനുമാണു കയറ്റുമതി ചെയ്യപ്പെടുന്ന മുടി കൂടുതലായും ഉപയോഗിക്കുന്നത്.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ മുടി കയറ്റുമതിക്കാര്‍ സ്വാഗതം ചെയ്തു. പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലുങ്കാന എന്നിവയാണ് ഇന്ത്യയിലെ കയറ്റുമതി കേന്ദ്രങ്ങൾ. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ- നവംബർ കാലയളവിൽ ഇന്ത്യയിൽ നിന്ന് 14.4 കോടി ഡോളറിന്റെ മുടി കയറ്റുമതി നടന്നു.

