Sunday, June 2, 2024
spot_img

“അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് വിശദമായ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം” – ആവശ്യവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍

തിരുവനന്തപുരം : സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ നിലനിൽക്കുന്ന ആശങ്ക ദൂരീകരിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റും ലോക്സഭാംഗവുമായ കെ. സുധാകരന്‍ രംഗത്തു വന്നു. ആലുവയിൽ ബിഹാർ സ്വദേശിനിയായ അഞ്ചു വയസുകാരിയെ അന്യസംസ്ഥാന തൊഴിലാളി തട്ടിക്കൊണ്ടുപോയി ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു കെ. സുധാകരന്റെ പ്രതികരണം.

‘‘സംസ്ഥാനത്തു 31 ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികളില്‍ എത്രപേര്‍ ഇത്തരം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന ആശങ്കയുണ്ട്. ഇവരുടെ കൃത്യമായ എണ്ണമോ, പശ്ചാത്തലമോ സര്‍ക്കാരിന്റെ പക്കലില്ല. 5 ലക്ഷം പേര്‍ മാത്രമാണുള്ളത് എന്ന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കും 31 ലക്ഷം പേരുണ്ടെന്ന അനൗദ്യോഗിക കണക്കും തമ്മിലുള്ള പൊരുത്തക്കേട് മാത്രം മതി ഈ വിഷയത്തെ സര്‍ക്കാര്‍ എത്ര ലാഘവത്തോടെയാണു കാണുന്നതെന്നു മനസിലാക്കാന്‍. 2016- 2022 കാലയളവില്‍ 159 അതിഥി തൊഴിലാളികള്‍ കൊലക്കേസ് പ്രതികളായിട്ടുണ്ടെന്ന കണക്കും ഞെട്ടലുളവാക്കുന്നതാണ്. അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നിലവില്‍ നിര്‍ബന്ധമല്ല. ഇവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിലവില്‍ ആവശ്യമില്ല. തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാര്‍ക്ക് ലൈസന്‍സില്ല. അതിഥി തൊഴിലാളികളെ കുറിച്ച് വിശദമായ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഇവരുടെ വ്യക്തമായ ഐഡന്റിറ്റി സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടാകണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒരു കാരണവശാലും സംസ്ഥാനത്തു കാലുകുത്താന്‍ അനുവദിക്കരുത്. അങ്ങനെയുള്ളവരെ അടിയന്തരമായി പുറത്താക്കാനും നടപടി സ്വീകരിക്കണം. ആലുവയില്‍ നിഷ്ഠൂരമായ സംഭവം ഉണ്ടായിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല. പൊതുദര്‍ശനത്തിലും സംസ്‌കാര ചടങ്ങിലും സര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത് ആരും ഉണ്ടായിരുന്നില്ല. ഉചിതമായ സാമ്പത്തിക സഹായവും നൽകിയില്ല. കേസന്വേഷണത്തില്‍ പൊലീസിന്റെ വീഴ്ച വളരെ പ്രകടമായിരുന്നു. അതിഥി തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ സമ്പദ്‍വ്യവസ്ഥയിൽ വലിയ സംഭാവനകള്‍ നൽകുന്നുണ്ട്. സര്‍ക്കാരിന്റെ അഴകൊഴമ്പന്‍ നയംമൂലം ഇവരുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളും ജനങ്ങളുടെ ആശങ്കകളും കണ്ടില്ലെന്നു നടിക്കാനാവില്ല” കെ സുധാകരന്‍ പറഞ്ഞു

Related Articles

Latest Articles