Tuesday, May 28, 2024
spot_img

‘കോവിഡ് വാക്‌സിൻ സ്വീകരിക്കാതെ പോസിറ്റീവ് ആയവരുടെ ചികിത്സാചിലവ് സർക്കാർ വഹിക്കില്ല’; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

‘വാക്‌സിൻ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സർക്കാർ വഹിക്കില്ലെന്നും രോഗങ്ങൾ, അലർജി മുതലായവ കൊണ്ട് വാക്‌സിൻ എടുക്കാൻ സാധിക്കാത്തവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം വാക്സിൻ സ്വീകരിക്കാത്ത അദ്ധ്യാപകരിലും ജീവനക്കാരിലും രോഗങ്ങൾ, അലർജി മുതലായ ശാരീരിക പ്രശ്നങ്ങൾ ഉള്ളവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർ വാക്സിൻ സ്വീകരിച്ച് ഹാജരാവുകയോ ആഴ്ച തോറും സ്വന്തം ചിലവിൽ ആർടിപിസിആർ പരിശോധന നടത്തി ഫലം സമർപ്പിക്കുകയോ ചെയ്യണം.

സ്‌കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാർത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണിത്. ഓഫീസുകളിലും പൊതു ജനസമ്പർക്കമുള്ള ഇടങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്കും ഇത് ബാധകമാണ്.

കൂടാതെ ഒമിക്രോൺ കൊറോണ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

വിദേശത്ത് നിന്ന് വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ യാത്രാചരിത്രം കർശനമായി പരിശോധിക്കണമെന്നും പ്രഖ്യാപിച്ച പ്രോട്ടോക്കോൾ കൃത്യമായി പാലിക്കാൻ നടപടിയെടുക്കണമെന്നും അതിൽ വിട്ട് വീഴ്ചയുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാത്രമല്ല രണ്ടാം ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാൻ ബാക്കിയുള്ളവരെ കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ ഗൗരവമായി ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിസംബർ ഒന്ന് മുതൽ പതിനഞ്ച് വരെ പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകുകയും. അതിനു അനുസൃതമായി ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു.

അതിനൊപ്പം തന്നെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്‌കൂളുകളിലെത്തി പഠിക്കാൻ അനുമതി നൽകും. സ്‌കൂൾ പ്രവർത്തി സമയത്തിൽ തൽക്കാലം മാറ്റമില്ല. പുതിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകേണ്ടതില്ലെന്നും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

Related Articles

Latest Articles