Tuesday, December 23, 2025

നിയുക്ത ഗവർണർ രാജേന്ദ്ര ആർലേക്കർ കേരളത്തിലെത്തി; പരിഭവം കാട്ടാതെ വിമാനത്താവളത്തിൽ സ്വീകരിച്ച് പിണറായിയും മന്ത്രിമാരും; സൗഹൃദം ജനുവരി മൂന്നാം വാരത്തോടെ അവസാനിക്കുമോ ?

തിരുവനന്തപുരം: നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളത്തിലെത്തി. ഇന്ന് രാജ്ഭവനിലെത്തിയ അദ്ദേഹം നാളെ ഗവർണറായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് വിമാനമിറങ്ങിയ നിയുക്ത ഗവർണറേ പരിഭവം കാട്ടാതെ മുഖ്യമന്ത്രി പിണറായിവിജയനും മന്ത്രിമാരും സ്പീക്കറും ചേർന്ന് എയർപോർട്ട് ടെക്നിക്കൽ ഏര്യയിൽ സ്വീകരിച്ചു. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കൊപ്പം ഭാര്യ അനഘ ആർലേക്കറും ഉണ്ടായിരുന്നു.

മന്ത്രിമാരായ കെ. രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി. ശിവൻകുട്ടി, കെ. എൻ. ബാലഗോപാൽ, സ്പീക്കർ എ. എൻ. ഷംസീർ, മേയർ ആര്യാ രാജേന്ദ്രൻ, ആന്റണി രാജു എം. എൽ. എ, എം. പിമാരായ എ. എ. റഹീം, ശശി തരൂർ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. പിന്നീട് ബിജെപി നേതാക്കളായ പി കെ കൃഷ്‌ണദാസും അഡ്വ. എസ് സുരേഷും രാജ്ഭവനിൽ എത്തി ഗവർണറെ കണ്ടു.

സ്ഥാനമൊഴിഞ്ഞ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം അദ്ദേഹത്തിന് സർക്കാർ ഔദ്യോഗിക യാത്രയയപ്പ് നൽകിയിരുന്നില്ല. എന്നാൽ പുതിയ ഗവർണറോട് സർക്കാരിന് ആ സമീപനമില്ല. എന്നാൽ ഈ മാസം 17 മുതൽ നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തെ എല്ലാവരും ഉറ്റുനോക്കുകയാണ്. ഗവർണറുടെ നയപ്രഖ്യാപനത്തിൽ കേന്ദ്രസർക്കാരിനെതിരെയുള്ള വിമർശനം സർക്കാർ ഉൾപ്പെടുത്തിയേക്കും. വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്കും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ തലയിൽ കെട്ടിവയ്ക്കാൻ നയപ്രഖ്യാപനത്തിലൂടെ ശ്രമിച്ചേയ്ക്കും. ഇത് ഗവർണർ പ്രതിരോധിക്കാൻ ശ്രമിച്ചാൽ സർക്കാർ ഗവർണർ പോര് തുടരാനാണ് സാധ്യത.

Related Articles

Latest Articles