Friday, June 14, 2024
spot_img

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം വിരമിക്കാനൊരുങ്ങുന്നത്. ഇവരുടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകാനായി വേണ്ടത് 9000 കോടി രൂപയാണ്. ഇത് എങ്ങനെ കണ്ടെത്തുമെന്ന് സർക്കാരിന് ഇപ്പോഴും എത്തുംപിടിയുമില്ല. ഈ മാസം ആദ്യം മുതൽ തന്നെ സംസ്ഥാനം ഓവർഡ്രാഫ്റ്റിലാണ്. നടപ്പുവർഷത്തെ കടമെടുപ്പ് പരിധി ഇതുവരെയും കേന്ദ്രം നിശ്ചയിച്ച് നൽകിയിട്ടില്ല. സാധാരണ മെയ് മാസം ആദ്യം തന്നെ ഡിസംബർ വരെയുള്ള കടപരിധി നിശ്ചയിച്ച് നൽകുകയാണ് പതിവ്. ലോക്‌സഭാ തെരെഞ്ഞെടുപ്പ് കാരണം അത് വൈകുകയാണെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ വിരമിക്കുന്ന ജീവനക്കാർക്ക് ആനുകൂല്യങ്ങൾ അനിശ്ചിതമായി വൈകുമെന്നുറപ്പായി.

പെൻഷൻ പ്രായം ഒരു വർഷമെങ്കിലും ഉയർത്തുകയെന്ന നിർദ്ദേശമാണ് ഇപ്പോൾ സർക്കാർ പരിശോധിക്കുന്നത്. പക്ഷെ നയപരമായ ഈ തീരുമാനത്തിന് ഇടതുമുന്നണിയുടെ പച്ചക്കൊടി കിട്ടുക പ്രയാസമാണ്. മുഖ്യമന്ത്രി വിദേശ പര്യടനത്തിലായതിനാൽ ഇക്കാര്യങ്ങളിൽ തീരുമാനം വൈകുകയാണ്. രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമായിട്ടും പെൻഷൻ പ്രായം ഉയർത്തുന്നതിൽ തീരുമാനമെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് സർക്കാർ. കേന്ദ്രം തരേണ്ടത് തരുന്നില്ലെന്ന വാദം, കേരളത്തിന്റെ ഹർജിയിന്മേൽ സുപ്രീംകോടതി വിധി വന്നതോടെ അപ്രസക്തമാകുകയും ചെയ്‌തു. കടപരിധി നിശ്ചയിക്കുന്നത് വൈകുന്നത് കാരണമുള്ള പ്രതിസന്ധി തരണം ചെയ്യാനായി കേന്ദ്രം 3000 കോടി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles