പത്തംതിട്ട: ജില്ലാ കലോത്സവങ്ങളില്‍ പങ്കെടുത്ത് സംസ്ഥാനതല മത്സരത്തിന് യോഗ്യരാകാത്തവര്‍ നല്‍കിയ അപ്പീല്‍ അപേക്ഷകള്‍ സര്‍ക്കാരിന് ഉണ്ടാക്കിക്കൊടുത്തത് 80 ലക്ഷം രൂപയാണെന്നാണ് വിവരം . എല്ലാ ജില്ലകളില്‍ നിന്നുമായി ആകെ രണ്ടായിരത്തോളം അപേക്ഷകൾ ആണ് വന്നത് എന്നാണ് കണക്കുകൾ പറയുന്നത് .ജില്ലാതലത്തിൽ കൊടുക്കുന്ന അപ്പീൽ അപേക്ഷയ്ക്കൊപ്പം നൽകിയ 5000 രൂപയിൽ നിന്നാണ് വിദ്യാഭ്യാസവകുപ്പിൻ്റെ അക്കൗണ്ടിലേക്ക് ഇത്രയും തുക എത്തിയത്.
അപ്പീൽ അപേക്ഷകൾക്കൊപ്പം ഒരു കോടി രൂപയാണ് എല്ലാ ജില്ലകളിൽ നിന്നുമായി കിട്ടിയത്. രണ്ടായിരം അപേക്ഷകളില്‍ ഇരുനൂറോളം അപേക്ഷകൾ മാത്രമാണ് അനുവദിച്ചത്. ഇരുനൂറോളം അപ്പീലുകൾക്ക് അനുവാദം നൽകിയതിനാൽ 10 ലക്ഷത്തോളം രൂപ തിരികെ കൊടുക്കേണ്ടിവന്നു. ബാക്കിയുള്ള 90 ലക്ഷത്തോളം രൂപയിൽ വിധികർത്താക്കളുടെ പ്രതിഫലം ഉള്‍പ്പെടെ 10 ലക്ഷത്തോളം രൂപ അപ്പീലുകൾക്ക് തീരുമാനമെടുക്കുന്ന നടപടികൾക്ക് ചെലവായി. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് അപേക്ഷകള്‍ വന്നത്. ഇവിടെ 38 പേര്‍ അപ്പീല്‍ അപേക്ഷ നല്‍കിയതില്‍ ഒമ്പതെണ്ണമാണ് അനുവദിച്ചത്. വയനാട് ജില്ലയില്‍ 45 അപേക്ഷകള്‍ വന്നതില്‍ ഏഴെണ്ണവും പത്തനംതിട്ട ജില്ലയില്‍ 65 എണ്ണം വന്നതില്‍ എട്ടെണ്ണവും അനുവദിച്ചു. കൊല്ലം ജില്ലയില്‍ 130 എണ്ണത്തില്‍ 13-ഉം, പാലക്കാട് ജില്ലയില്‍ 139-ല്‍ 19എണ്ണവുമാണ് അനുവദിച്ചത്. സംസ്ഥാന കലോത്സവം നടക്കുന്ന തിരുവനന്തപുരത്ത് 213 അപ്പീല്‍ അപേക്ഷകള്‍ വന്നതില്‍ അംഗീകരിച്ചത് 33 എണ്ണമായിരുന്നു. ചില ജില്ലകളില്‍ മൊത്തം എത്ര അപേക്ഷകള്‍ വന്നു എന്ന വിവരം പുറത്തുവിട്ടിട്ടില്ല.മലപ്പുറത്ത് 25 അപ്പീലുകള്‍ക്കാണ് അനുവാദം കൊടുത്തത്. ജില്ലാതലത്തില്‍ അപ്പീല്‍ കിട്ടിയ കുട്ടി സംസ്ഥാനത്ത് മത്സരിക്കണമെങ്കില്‍ അവിടെ 10,000 രൂപ കെട്ടിവെയ്ക്കണം. സംസ്ഥാനതലത്തില്‍ മത്സരിച്ച്, ജില്ലയിലെ ഒന്നാം സ്ഥാനക്കാരെക്കാള്‍ സ്‌കോര്‍ നേടിയാലേ ഈ തുക തിരിച്ചുകിട്ടൂ. ജില്ലാ തലത്തിലെ ഒന്നാംസ്ഥാനക്കാര്‍ക്കൊപ്പം എത്തിയാലും തുക തിരിച്ചുകിട്ടും.

