Monday, May 20, 2024
spot_img

കര്‍ഷകര്‍ക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ: കിസാന്‍ സമ്മാന്‍ നിധിയിലൂടെ കർഷകരിലേക്ക് എത്തുക 18,000 കോടി രൂപ: ഒൻപത് കോടിയിലധികം വരുന്ന കർഷക കുടുംബങ്ങൾക്ക് നേട്ടം

ദില്ലി: രാജ്യത്തെ കാർഷിക നിയമങ്ങൾക്കെതിരെ കർഷക പ്രതിഷേധം തുടരുന്നതിനിടെ, കർഷകരിലേക്ക് 18,000 കോടി രൂപ എത്തിക്കാൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരമുള്ള അടുത്ത ഗഡുവായി 18,000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബർ 25ന് അനുവദിക്കും. കർഷകർക്ക് നേരിട്ട് ധനസഹായം കൈമാറുന്ന പി‌എം-കിസാൻ പദ്ധതിക്ക് കീഴിലുള്ള ഏഴാമത്തെ ഗഡുവാണിത്. ഒൻപത് കോടിയിലധികം വരുന്ന കർഷക കുടുംബങ്ങൾക്ക് 18,000 കോടിയിലധികം രൂപ കൈമാറ്റം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) സ്ഥിരീകരിച്ചു.

2019 ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി-കിസാൻ സമ്മാൻ നിധി പദ്ധതി ആരംഭിച്ചത്. 100 ശതമാനം വിഹിതവും കേന്ദ്രസർക്കാർ വഹിക്കുന്ന പദ്ധതിയാണിത്. പി‌എം-കിസാൻ പദ്ധതി പ്രകാരം, അർഹരായ ഗുണഭോക്തൃ കർഷകർക്ക് പ്രതിവർഷം 6000 രൂപയുടെ സാമ്പത്തിക ആനുകൂല്യം നൽകുന്നു. മൂന്ന് തുല്യമായ നാല് പ്രതിമാസ ഗഡുക്കളായി 2000 രൂപ വീതമാണ് നൽകുന്നത്.

അതേസമയം ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരുമായി പ്രധാനമന്ത്രി സംസാരിക്കും. പിഎം-കിസാൻ പദ്ധതിയിലും കർഷകരുടെ ക്ഷേമത്തിനായി സർക്കാർ സ്വീകരിച്ച മറ്റ് പല സംരംഭങ്ങളിലും തങ്ങൾക്കുണ്ടായ അനുഭവങ്ങൾ കർഷകരും പങ്കുവെക്കും. പ്രധാനമന്ത്രിയ്ക്കു പുറമെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും ചടങ്ങിൽ പങ്കെടുക്കും.

രണ്ട് ഹെക്ടർ വരെ ഭൂമിയുള്ള ചെറുകിട, നാമമാത്ര കർഷക കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുന്നത്. പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സഹായത്തിന് അർഹരായ കർഷക കുടുംബങ്ങളെ സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഭരണകൂടങ്ങളുമാണ് കണ്ടെത്തേണ്ടത്. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) വഴി തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുകയാണ് ചെയ്യുന്നത്.

Related Articles

Latest Articles