ദില്ലി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ.) നിർദേശപ്രകാരം രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ 10, 20 രൂപകളുടെ പ്ലാസ്റ്റിക് (പോളിമർ) നോട്ടുകൾ അവതരിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. പരീക്ഷണം വിജയകരമാകുന്ന പക്ഷം ഈ പോളിമർ നോട്ടുകൾ വിപണിയിൽ സ്ഥിരമായി പുറത്തിറക്കുമെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. എന്നാൽ, നിലവിൽ പ്രചാരത്തിലുള്ള കടലാസ് നോട്ടുകൾ പിൻവലിക്കില്ലെന്നും ഇവ രണ്ടും ഒരുപോലെ വിപണിയിൽ തുടരുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ നോട്ടുകളുടെ നിർമാണത്തിനായി 3.4 കോടി പോളിമർ ഷീറ്റുകൾ ലഭ്യമാക്കുന്നതിനായി ആർ.ബി.ഐ.യുടെ കീഴിലുള്ള ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് ജൂലൈ 17-ന് ആഗോള ടെൻഡർ ക്ഷണിച്ചിരുന്നു. 2009-ൽ 10 രൂപയുടെ 100 കോടി പ്ലാസ്റ്റിക് നോട്ടുകൾക്കായി ടെൻഡർ വിളിച്ചിരുന്നെങ്കിലും ആ പദ്ധതി മുൻപോട്ടു പോയിരുന്നില്ല. തുടർന്ന് നടക്കുന്ന രണ്ടാമത്തെ ശ്രമമാണിത്.
കടലാസ് നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾക്ക് ആയുസ്സും ഈടും കൂടുതലാണെന്ന് അന്താരാഷ്ട്ര പഠനങ്ങൾ വ്യക്തമാക്കുന്നു. 1988-ൽ ഓസ്ട്രേലിയയിലാണ് ആദ്യമായി പ്ലാസ്റ്റിക് നോട്ടുകൾ അവതരിപ്പിച്ചത്. നിലവിൽ അൻപതിലധികം രാജ്യങ്ങളിൽ ഇവ ഉപയോഗത്തിലുണ്ട്. ഉയർന്ന പണവിനിമയം നടക്കുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത്തരം ഈടുറ്റ നോട്ടുകൾ ഏറെ അനുയോജ്യമാണെന്നാണ് ആർ.ബി.ഐ.യുടെ വിലയിരുത്തൽ.

