ദില്ലി: ഗ്യാൻവാപി കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഉച്ചയ്ക്ക് 3 മണിക്കാണ് കേസ് പരിഗണിക്കുക. അഭിഭാഷക കമ്മിഷൻ നടത്തിയ സർവെയെ തുടർന്ന് സ്ഥലം സീൽ ചെയ്യണമെന്ന സുപ്രീംകോടതി ഇടക്കാല ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കുന്നത്.
മെയ് 17 ന് വാരാണസിയിലെ ഗ്യാൻവാപി പ്രദേശം സംരക്ഷിക്കണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇടക്കാല ഉത്തരവ് നവംബർ 12-ന് അവസാനിക്കാനിരിക്കെ തന്റെ അപേക്ഷയിൽ വാദം കേൾക്കുന്നതിന് അടിയന്തര തീയതി അനുവദിക്കണമെന്ന് അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ ചീഫ് ജസ്റ്റിസിനോട് വ്യാഴാഴ്ച അഭ്യർത്ഥിച്ചു. ഇതോടെ ഹർജിയിൽ ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബെഞ്ച് വാദം കേൾക്കാമെന്ന് അറിയിച്ചു.
പ്രദേശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതിന് മുൻ ഉത്തരവ് നീട്ടിക്കൊണ്ടുള്ള കോടതിയുടെ മറ്റൊരു ഉത്തരവ് ആവശ്യമാണെന്നും ശങ്കർ ജെയിൻ ഹർജിയിൽ ആവശ്യപ്പെടുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, പി എസ് നരസിംഹ എന്നിവരും ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ ഉൾപ്പെടുന്നു. ഹർജി പരിഗണിക്കാനുള്ള ബെഞ്ചും സുപ്രിംകോടതി ഇന്ന് തീരുമാനിക്കും.

