Saturday, December 13, 2025

6 ലക്ഷം ഇന്ത്യക്കാരുടെ ഡേറ്റ ബോട്ട്മാർക്കറ്റിൽ വിറ്റ് ഹാക്കർമാർ !!
ഒരു വ്യക്തിയുടെ ഡിജിറ്റൽ ഐഡന്റിറ്റിക്ക് വില 490 രൂപ

ബെംഗളൂരു: ആഗോളതലത്തിൽ ഏകദേശം 50 ലക്ഷം ആളുകളുടെ ഡേറ്റ ബോട്ട് മാർക്കറ്റിൽ വിറ്റതായി റിപ്പോർട്ട്. ഇതിൽ 600,000 പേർ ഇന്ത്യക്കാരുടേതാണ്. ലോകത്തെ ഏറ്റവും വലിയ വിപിഎന്‍ സേവന ദാതാക്കളിൽ പെടുന്ന നോര്‍ഡ് വിപിഎന്‍ ആണ് കണക്കുകൾ പുറത്തുവിട്ടത്. ഹാക്കർമാർ മാൽവെയറുകളിലൂടെ ഇരകളുടെ ഉപകരണങ്ങളിൽനിന്നു ഡേറ്റ മോഷ്ടിച്ച് ബോട്ട് മാർക്കറ്റിൽ വിൽക്കുകയായിരുന്നു.

മോഷ്ടിച്ച ഡേറ്റയിൽ ഉപഭോക്തൃ ലോഗിനുകൾ, കുക്കീസ്, ഡിജിറ്റൽ ഫിംഗർപ്രിന്റുകൾ, സ്ക്രീൻഷോട്ടുകൾ, മറ്റ് വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഒരു വ്യക്തിയുടെ ഡിജിറ്റൽ ഐഡന്റിറ്റിയുടെ ശരാശരി വില 490 ഇന്ത്യൻ രൂപയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2018 ലാണ് ബോട്ട് മാർക്കറ്റുകൾ ആരംഭിച്ചത്.

കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യയിൽ സൈബർ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. ഇന്ത്യയുടെ ഭരണത്തലവന്മാർ‌ അടക്കമുള്ള രാഷ്ട്രീയനേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള അതിപ്രധാന വ്യക്തികളടക്കം ചികിൽ‌സയ്ക്കെത്തുന്ന ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) ഒന്നിലധികം സെർവറുകള്‍ ഹാക്ക് ചെയ്യപ്പെട്ടത് കഴിഞ്ഞ മാസമാണ്. നവംബർ 30 ന്, 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) നെറ്റ്‌വർക്കിനു നേരേ 6,000 ഹാക്കിങ് ശ്രമങ്ങളുണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഈ വർഷമാദ്യം മുതൽ ഇന്ത്യ സൈബർ സുരക്ഷാ നിയമങ്ങൾ കർശനമാക്കിയിരുന്നു. സൈബർ ആക്രമണങ്ങൾ ഉണ്ടായാൽ 6 മണിക്കൂറിനകം ഡേറ്റ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും ആറ് മാസത്തേക്ക് ഐടി, കമ്യുണിക്കേഷൻ ലോഗുകൾ നിലനിർത്തണമെന്നും ടെക് കമ്പനികളോട് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി) ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles