ഇസ്രയേലിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തെ ന്യായികരിച്ച് കൊണ്ട് ക്യപ്സ്യൂൾ ഇറക്കാൻ ഓടിനടന്ന് കഷ്ടപ്പെടുകയാണ് ഇടത് സഖാക്കൾ. ഇത്രയും കോലാഹലങ്ങൾ ഇസ്രയേലിലും ഹാമസിലുമായി നടക്കുമ്പോഴും പലസ്തീന്റെ പ്രദേശങ്ങള്‍ കയ്യേറുന്നത് ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രസ്താവന. ഇപ്പോഴിതാ, സീതാറാം യച്ചൂരിക്ക് പിന്നാലെ ഹമാസിനെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തുകയാണ് സിപിഎം നേതാവ് എം.എ ബേബി. ഇസ്രായേലിന്റെ ആക്രമത്തിൽ ഹമാസ് സഹികെട്ട പ്രതികരിക്കുകയായിരുന്നുവെന്നാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നത്.
എന്നാൽ ഹമാസ് എന്നത് ലോകത്തെ തന്നെ വലിയ ഭീകര സംഘടനയാണ് എന്നത് വിസ്മരിക്കുകയാണ് എം. എ ബേബി. ഇത് തീർച്ചയായും ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന ഇന്ത്യൻ നിലപാടിന് ഘടക വിരുദ്ധം തന്നെയാണ്. ഇസ്രായേൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇന്ന് നടന്നതെന്നും ഇസ്രായേലിന് ഹമാസിന്റെ ആക്രമണത്തെ ചെറുക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിട്ടേർത്തു. ഇസ്രായേലിന്റെ പുകഴ്‌ത്തപ്പെട്ട രഹസ്യാന്വേഷണ ഏജൻസി മൊസാദിനോ സുപ്രസിദ്ധമായ റോക്കറ്റ് പ്രതിരോധ സംവിധാനമായ അയൺ ഡോമിനോ തടയാൻ സാധിച്ചില്ലെന്നത് ഇസ്രായേലിന് തിരിച്ചടിയായെന്നുമാണ് എംഎ ബേബിയുടെ വാക്കുകൾ.
അതേസമയം, ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ മരണ സംഖ്യ 600 പിന്നിട്ടു. അതിർത്തി കടന്നെത്തി ഹമാസ് നടത്തിയ ആക്രമണത്തിനുള്ള ഇസ്രയേൽ പ്രത്യാക്രമണം തുടരുകയാണ്. ഇന്നലെ രാത്രി ഇസ്രയേൽ സൈന്യമൊരുക്കിയ തീമഴയാണ് ഗാസയിൽ പെയ്തിറങ്ങിയത്. ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. നഗരത്തിൽ 313 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലെബനിലും ഇസ്രയേൽ പ്രത്യാക്രമണം നടത്തി. ബഹുനില കെട്ടിടങ്ങൾ അടക്കം ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ നിലംപൊത്തി. 429 കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തുവെന്നും ഇക്കൂട്ടത്തിൽ ഹമാസിന്റെ ആയുധ കേന്ദ്രങ്ങൾ അടക്കം ഉണ്ടെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഏഴ് മേഖലകളിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ ജനങ്ങളോട് അഭ്യർത്ഥിച്ചു. അതിനുശേഷം രണ്ടാം ഘട്ട ആക്രമണത്തിലൂടെ ഹമാസ് കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കുകയാണ് ഇസ്രയേൽ ലക്ഷ്യം വയ്ക്കുന്നത്.
കര മാർഗം സൈനിക നീക്കം നടത്തി ഗാസയിൽ സ്ഥിരം ഇസ്രായേലി സൈനിക സാന്നിധ്യം ഉറപ്പിക്കാനും തീരുമാനം ഉണ്ടായേക്കാം. നീണ്ട് നിൽക്കുന്നതും ബുദ്ധിമുട്ടേറിയതുമായ യുദ്ധത്തിനാണ് രാജ്യം തുടക്കം കുറിച്ചിരിക്കുന്നത് എന്നാണു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം. അതേസമയം 24 മണിക്കൂറിന് ശേഷവും ഇസ്രയേലിനുള്ളിൽ ഹമാസുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ തുടരുകയാണ്. സൈനികർ അടക്കം നൂറിലേറെ പേർ ഇപ്പോഴും ഹമാസിന്റെ ബന്ദികളാണ്. കനത്ത സുരക്ഷാ വലയം ഭേദിച്ച് ഇസ്രായേലിന് ഉള്ളിൽ കടന്നതിന്റെ ദൃശ്യങ്ങൾ ഹമാസ് പുറത്തുവിട്ടു. 300 ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. 1600 പേർ പരിക്കുകളോടെ ആശുപത്രിയിലാണ്.

