Friday, May 3, 2024
spot_img

ഇസ്രയേലികളെ ബൈക്കിലും തട്ടിക്കൊണ്ട് പോയി ഹമാസ് തീവ്രവാദികൾ ! ഗാസ മുനമ്പിനു പുറത്ത് തടവുകാരായ നിരവധി ആളുകളെ സൈന്യം മോചിപ്പിച്ചു‌‌

ജറുസലം : തങ്ങളോട് വിലപേശാനായി നിരവധി സൈനികരെയും സാധാരണ പൗരൻമാരെയും ഹമാസ് തടവുകാരായി തട്ടിക്കൊണ്ട് പോയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ സൈന്യം. ഇവരിൽ ചിലർ കൊല്ലപ്പെട്ടുവെന്നും ചിലർ ജീവനോടെയുണ്ടെന്നുമാണ് കരുതുന്നതെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ ജോനാഥൻ കോൺറികസ് പറഞ്ഞു.

കുട്ടികളും സ്ത്രീകളും പ്രായമായവരും ഭിന്നശേഷിക്കാരും ബന്ദികളാക്കിയവരുടെ കൂട്ടത്തിലുണ്ട്. ഇവരുടെ മോചനം മുൻനിർത്തി, ഇസ്രയേലിൽ തടവിൽ കഴിയുന്ന തങ്ങളുടെ നേതാക്കളെ മോചിപ്പിക്കാനാവും ഹമാസ് ശ്രമിക്കുക. എന്നാൽ എത്ര പേരെയാണ് ഹമാസ് ബന്ദികളാക്കിയതെന്ന കാര്യത്തിൽ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല. ഇസ്രേയലിനുള്ളിൽ തന്നെ ആറ് സ്ഥലങ്ങളിൽ ഹമാസ് പോരാളികളുമായുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്.

തട്ടിക്കൊണ്ടുപോയവരുടെ സംരക്ഷണം ഹമാസിന്റെ മാത്രം ഉത്തരവാദിത്തമാണെന്നും ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ അതിനു കണക്കുപറയേണ്ടി വരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു മുന്നറിയിപ്പു നൽകി.

അതേസമയം ഗാസ മുനമ്പിനു പുറത്ത് തടവുകാരായ നിരവധി ആളുകളെ സൈന്യം മോചിപ്പിച്ചു. കിബുട്സ് ബീരിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയവരെയും 50 പേരടങ്ങുന്ന മറ്റൊരു സംഘത്തെയും മോചിപ്പിച്ചു. അതിനിടെ, കിബുട്സ് റെയിമിൽ ഔട്ട്ഡോർ പാർട്ടിയിൽ പങ്കെടുക്കുകയായിരുന്ന ആളുകളെ ആക്രമിച്ച ഹമാസിന്റെ ആളുകൾ, ചിലരെ ബന്ദികളാക്കി.
നുഴഞ്ഞുകയറിയ ഹമാസ് തീവ്രവാദികൾ ഇസ്രയേലിൽ വീടുവീടാന്തരം കയറി ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. സൈനിക പോസ്റ്റുകളും ഇവർ ആക്രമിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രയേൽ പകച്ചുപോയതോടെയാണ് സൈനികർ ഉൾപ്പെടെയുള്ളവരെ ഹമാസ് ബന്ദികളാക്കിയത്. സൈനികരിൽ ചിലരെ ഗാസയിലേക്ക് കടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

Related Articles

Latest Articles