ട്രിനിഡാഡ് : ഒരു കാലത്ത് ലോക ക്രിക്കറ്റിനെ കൈവെള്ളയിൽ വച്ച് അടക്കി ഭരിച്ചിരുന്ന ടീമായിരുന്നു വെസ്റ്റിൻഡീസ്. അന്ന് എതിരാളികളുടെ പേടി സ്വപ്നം എന്നതിലുമപ്പുറം നല്ല വരുമാനവും വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിന് ലഭിച്ചിരുന്നു. എന്നാൽ ഇന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് പതർച്ചയിലാണ്. വരുന്ന ലോകകപ്പിന് യോഗ്യത നേടാൻ പോലും അവർക്കായിട്ടില്ല. ഇടയ്ക്ക് സ്പോൺസർമാർ പോലും ലഭിക്കാതെ ടീം പ്രതിസന്ധിയിലായിരുന്നു. ലോകത്തെ മികച്ച ടീമുകളുമായി മത്സരിച്ചാൽ മാത്രമേ ടിക്കറ്റ് ഇനത്തിലും ബ്രോഡ്കാസ്റ്റിങ് ഇനത്തിലും ബോർഡിന് പണം ലഭിക്കൂ എന്നിരിക്കെ മത്സരത്തിനെത്തുന്ന ടീമുകൾക്ക് നൽകേണ്ട സൗകര്യങ്ങളിൽ വിൻഡീസ് ബോർഡ് അലംഭാവം തുടരുകയാണ്. വിൻഡീസ് ക്രിക്കറ്റ് ബോർഡിനെതിരെ കടുത്ത വിമർശനമുന്നയിച്ച് ഇന്ത്യന്‍ താരവും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ടീം നായകനുമായിരുന്ന ഹാർദിക് പാണ്ഡ്യ രംഗത്തു വന്നതാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ പിടിപ്പുകേട് തെളിയിക്കുന്ന ഒടുവിലെ സംഭവം . ഇന്ത്യൻ ടീമിനുള്ള അടിസ്ഥാന ആവശ്യങ്ങളുറപ്പാക്കാൻ പോലും വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിനു സാധിക്കുന്നില്ലെന്ന് ഇന്നലെ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം പാണ്ഡ്യ തുറന്നു പറഞ്ഞു.
‘‘ട്രിനിഡാഡിലേത് ഞാൻ കളിച്ചിട്ടുള്ള മികച്ച ഗ്രൗണ്ടുകളിലൊന്നാണ്. അടുത്ത തവണ ഞങ്ങള്‍ വെസ്റ്റിൻഡീസിലെത്തുമ്പോൾ കാര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കണം. യാത്രയുള്‍പ്പെടെയുള്ള കാര്യങ്ങളിൽ പ്രശ്നങ്ങളില്ലാതിരിക്കാന്‍ വെസ്റ്റിൻഡീസ് ബോർഡ് ശ്രദ്ധിക്കുമെന്നാണു പ്രതീക്ഷ. ഞങ്ങൾ ആഢംബര സൗകര്യങ്ങള്‍ ചോദിക്കുന്നില്ല. അടിസ്ഥാന ആവശ്യങ്ങൾ മാത്രം മതിയാകും.’’– ഹാർദിക് പാണ്ഡ്യ പ്രതികരിച്ചു.
വിൻഡീസിൽ ടെസ്റ്റ്, ഏകദിന പരമ്പരകൾ പൂർത്തിയാക്കിയ ടീം ഇന്ത്യയ്ക്ക് ഇനി ട്വന്റി20 മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. അഞ്ച് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യയ്ക്കു കളിക്കാനുള്ളത്. അവസാന ഏകദിനത്തിൽ 200 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ജയത്തോടെ ഏകദിന പരമ്പര 2–1ന് ഇന്ത്യ സ്വന്തമാക്കി.

