Wednesday, December 17, 2025

“ആത്മാഭിമാനത്തിന് മുറിവേറ്റപ്പോൾ പ്രതികരിച്ചു, ഇനിയും പ്രതികരിക്കും”; പോരിനുറച്ച് ഹരിത; പിരിച്ചുവിട്ട നടപടി കേരളസമൂഹം ചർച്ച ചെയ്യുമെന്ന് വനിതാ നേതൃത്വം

കോഴിക്കോട്: ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഹരിത നേതാവ് മുഫീദ തെസ്‌നി രംഗത്ത്. എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതിയിൽ നിയമ നടപടി തുടരുമെന്ന് മുഫീദ പറഞ്ഞു. വനിത കമ്മീഷനെ സമീപിച്ചത് ഭരണഘടനാപരമായ അവകാശമാണെന്നും, അതിനെ അച്ചടക്ക ലംഘനമായി കാണാനാകില്ലെന്നും അവർ ഒരു പ്രമുഖ പത്രത്തിലെഴുതിയ ലേഖനത്തിൽ പറയുന്നു. തെറ്റിനെതിരെ വിരല്‍ ചൂണ്ടേണ്ട ഈ കാലത്ത് അത് ചെയ്തില്ലെങ്കില്‍ കുറ്റബോധമുണ്ടാകും. അപമാനിക്കുന്നവരോട് സന്ധിയില്ലെന്നും മുഫീദ തെസ്നി വ്യക്തമാക്കി.

മുഫീദ തെസ്‌നി വാക്കുകൾ ഇങ്ങനെ:

“ആത്മാഭിമാനത്തിന് മുറിവേറ്റപ്പോഴാണ് പ്രതികരിച്ചത്. അധ്വാനിക്കാൻ മാത്രമുള്ള സ്ത്രീ ശരീരമായി തുടരാനാകില്ല. വനിത കമ്മീഷനെ സമീപിച്ചത് ഭരണഘടനാപരമായ അവകാശമാണ്. അതിനെ അച്ചടക്ക ലംഘനമായി കാണാനാകില്ല. വനിത കമ്മീഷനിൽ നൽകിയ പരാതിയും പിൻവലിക്കില്ല. നീതി കിട്ടാൻ ഏതറ്റം വരെയും പോകും. എംഎസ്എഫിനെതിരായ പോരാട്ടം ലീഗ് പ്രത്യയശാസ്ത്രത്തിന് എതിരല്ല. നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും” മുഫീദ തെസ്‌നി പറഞ്ഞു.

MSF
MSF

ഇക്കഴിഞ്ഞ ജൂണ്‍ 22ന് കോഴിക്കോട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചില പരാമര്‍ശങ്ങളാണ് പിന്നീട് വൻ വിവാദങ്ങളിലേയ്ക്കും മറ്റും നയിച്ചത്. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് സംഘടനകാര്യങ്ങളില്‍ വനിത നേതാക്കളോട് അഭിപ്രായം ചോദിച്ച് സംസാരിക്കവെ വേശ്യയ്ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമല്ലോ, അത് പറയൂ എന്നാണ് പരാമര്‍ശിച്ചത്. എം.എസ്.എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെയാണ് ആണ്‍‍ നേതാക്കള്‍ ചിത്രീകരിക്കുന്നത്. മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായ വി അബ്ദുള്‍ വഹാബ് ഫോണിലൂടെ അസഭ്യവാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചു. തങ്ങള്‍ക്ക് വഴിപ്പെട്ടില്ലെങ്കില്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. ഹരിതയിലെ നേതാക്കള്‍ പ്രസവിക്കാത്ത ഒരുതരം ഫെമിനിസ്റ്റുകള്‍ ആണെന്ന് പ്രചരിപ്പിച്ചെന്നും വനിതാ നേതാക്കൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

Related Articles

Latest Articles