Thursday, May 2, 2024
spot_img

നീതി വൈകുന്നു!ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലെ ഇര ഹർഷിന വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ ഇരയായ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്. സംഭവത്തിൽ നീതി ലഭിക്കാൻ വൈകുന്നതോടെയാണ് യുവതിക്ക് സമര മുഖത്തേക്ക് ഇറങ്ങേണ്ടി വരുന്നത്. കേസില്‍ പ്രതിചേര്‍ത്ത രണ്ട് ഡോക്ടര്‍മാരേയും നഴ്‌സുമാരേയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സെപ്റ്റംബർ 22-ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മുമ്പാകെ സമർപ്പിച്ചിരുന്നു. എന്നാൽ അത്യാവശ്യമായ മൊഴികളുടേയും തെളിവുകളുടേയും അഭാവത്തിൽ കമ്മീഷണര്‍ റിപ്പോര്‍ട്ട് തിരിച്ചയയ്ക്കുകയും തുടർന്ന് ആവശ്യമായ തിരുത്തലുകള്‍ നടത്തി കഴിഞ്ഞ മാസം വീണ്ടും പോലീസ് ആസ്ഥാനത്ത് സമര്‍പ്പിക്കുകയും ശേഷം അത് സര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 28-നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടനടി നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നെങ്കിലും നാളിത് വരെ നടപടിയുണ്ടായില്ല.

നാളെ കോഴിക്കോട്ട് നടക്കുന്ന നവകേരള സദസ്സില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട്ടു വെച്ചും നടപടി പ്രഖ്യാപിച്ചില്ലെങ്കില്‍ നവകേരള സദസ്സിന്റെ അവസാന ദിവസമായ ഡിസംബര്‍ 23-ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്താനാണ് ഹർഷിനയുടെ തീരുമാനം.
2017 നവംബര്‍ 30-നായിരുന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ചത്. കഴിഞ്ഞവര്‍ഷം മെഡിക്കല്‍ കോളേജില്‍ വെച്ചുതന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്.

Related Articles

Latest Articles