Saturday, December 27, 2025

വിദ്വേഷ പ്രസംഗം: മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

 

കൊച്ചി: പാലാരിവട്ടം വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാൽ ജാമ്യം അനുവദിക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് സര്‍ക്കാര്‍ കോടതിയില്‍ രേഖപ്പെടുത്തിയിരുന്നു.

അതേസമയം പാലാരിവട്ടം വെണ്ണലയില്‍ നടത്തി മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ പി.സി.ജോര്‍ജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് അറസ്റ്റിനുള്ള സാധ്യത മുന്നില്‍ക്കണ്ട് പി. സി. ജോര്‍ജ് ഒളിവില്‍ പോയിരുന്നു.

മാത്രമല്ല തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് നിലനില്‍ക്കെയാണ് പി.സി.ജോര്‍ജിനെതിരെ പാലാരിവട്ടത്തും സമാനമായ കേസ് എടുത്തത്. തിരുവനന്തപുരത്തെ കേസില്‍ അറസ്റ്റ് ചെയ്തെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ അപ്പീല്‍ നിലവില്‍ കോടതിയുടെ പരിഗണനയിലാണ് ഉള്ളത്.

Related Articles

Latest Articles