ദില്ലി : വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് എസ്.സി. ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിഷയം ബന്ധപ്പെട്ട അധികൃതര്‍ക്ക് മുന്നില്‍ ഉന്നയിക്കാന്‍ ബെഞ്ച് നിര്‍ദേശിച്ചു.
ഫാത്തിമ എന്ന സ്ത്രീയ്ക്കുവേണ്ടി അഭിഭാഷകനായ ആനന്ദ് എസ്. ജോന്‍ധാലെ ആണ് മോദിയെ വിലക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിദ്വേഷപ്രസംഗം നടത്തിയതിന് ജനപ്രാതിനിധ്യനിയമപ്രകാരം ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിലക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ആദ്യം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാതെ നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചതാണ് ഹര്‍ജി തള്ളാന്‍ കാരണമായി കോടതി പറഞ്ഞത്. ബന്ധപ്പെട്ട അധികൃതരെ സമീപിക്കാന്‍ ഹര്‍ജിക്കാരോട് നിര്‍ദേശിച്ച കോടതി ഹര്‍ജി പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അനുവാദം നല്‍കാമെന്നും പറഞ്ഞു. തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.

