Wednesday, December 17, 2025

സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിക്ക് കുരുക്ക് ? പിണറായിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കാൻ ഇ.ഡിക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട്കൊണ്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് കേസുകളിൽ പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. അത് കൊണ്ട് തന്നെ കേന്ദ്ര ഏജൻസികളായ കസ്റ്റംസും ഇ.ഡിയുമടക്കം ഈ കേസിൽ അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് കോട്ടയം പാല സ്വദേശി അജി കൃഷ്‌ണൻ ആയിരുന്നു കോടതിയിൽ ഹർജി നൽകിയിരുന്നത്.

അതേസമയം, ഹർജി നിയമപരമായി നില നിൽക്കില്ലെന്നായിരുന്നു സർക്കാറിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിന്‍റെ വാദം. സ്വർണക്കടത്ത് കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച്. ആർ.ഡി.എസിൽ എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള വ്യക്തിയാണ് താനെന്ന കാര്യം മറച്ചുവച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതെന്നും എ. ജി വാദിച്ചിരുന്നു. 

Related Articles

Latest Articles