തമിഴ്നാട് : അടക്കം ചെയ്ത് പത്താം ദിനം, പത്ത് വയസുകാരിയുടെ മൃതദേഹത്തിൽ തല കാണാനില്ലെന്ന് പരാതി. തമിഴ്നാട്ടിലെ ചെങ്കല്‍പട്ട് ജില്ലയിലെ ചിത്രവാടി ഗ്രാമത്തിലാണ് സംഭവം. വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 5 നാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കൃതിക എന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കെ വൈദ്യുത തൂണ്‍ വീണു തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഒമ്പത് ദിവസത്തോളം മരണത്തോട് മല്ലിട്ട കൃതിക ഒക്ടോബര്‍ 14ന് മരിക്കുകയായിരുന്നു. അന്ത്യകര്‍മങ്ങള്‍ നടത്തിയ ശേഷം ഒക്ടോബര്‍ 15 ന് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. പത്ത് ദിവസത്തിന് ശേഷം ശവകുടീരത്തില്‍ മാതാപിതാക്കളായ പാണ്ഡ്യനും നാദിയയ്ക്കും അസ്വഭാവികത തോന്നി. ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരുടെയും ജില്ലാ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പോലീസ് ശവക്കുഴി തുറന്നു നോക്കിയപ്പോഴാണ് പെണ്‍കുട്ടിയുടെ തല കാണാതായതായി കണ്ടെത്തിയത്. ചിറ്റമൂര്‍ പോലീസ് ഈ കേസ് അന്വേഷിക്കുന്നുണ്ട്. വൈരാഗ്യത്തെ തുടര്‍ന്നാണോ അതോ മന്ത്രവാദത്തിന്റെയോ മറ്റോ ഭാഗമായാണോ തലയറുത്തുമാറ്റിയതെന്നും പരിശേധിക്കുന്നുണ്ട്

