Monday, May 20, 2024
spot_img

തണ്ണീർക്കൊമ്പന്റെ ജീവനെടുത്തത് ഹൃദയാഘാതം ! കൊമ്പന്റെ ശരീരത്തിലുണ്ടായിരുന്ന മുഴ പഴുത്തിരുന്നു; ലിംഗത്തിലും മുറിവ്; പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കഴിഞ്ഞ ദിവസം മാനന്തവാടിയിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതമെന്നു റിപ്പോർട്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക്ശേഷമാണ് വനംവകുപ്പ് അധികൃതർ ഇക്കാര്യം അറിയിച്ചത്. കർണാടക, കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. കൊമ്പന്റെ ശരീരത്തിൽ മുഴ ഉണ്ടായിരുന്നു. അത് പഴുക്കുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയും ചെയ്തു. ലിംഗത്തിലും മുറിവുണ്ടായിരുന്നു. ഞരമ്പിൽ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു. സമ്മർദത്തെ തുടർന്നുണ്ടായ ഹൃദയാഘാതം മരണകാരണമായെന്നാണു വനംവകുപ്പ് അധികൃതർ അറിയിച്ചത്.

രാവിലെ തുടങ്ങിയ പോസ്റ്റുമോർട്ടം വൈകിട്ട് മൂന്നു മണിയോടെ പൂർത്തിയായി. വെള്ളിയാഴ്ച പുലർച്ചെ മാനന്തവാടി ടൗണിലെത്തിയ കാട്ടാനയെ വൈകിട്ട് അഞ്ചരയോടെയാണു മയക്കുവെടിവച്ചത്. പകൽ മുഴുവൻ ആന മാനന്തവാടി ടൗണിന് സമീപത്തെ വയലിനോട് ചേർന്നാണു നിലയുറപ്പിച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ ഉച്ചയോടെ മയക്കുവെടിവച്ചു പിടികൂടാൻ ഉത്തരവിടുകയായിരുന്നു. മയക്കുവെടിവച്ച ശേഷം ആനയെ രാത്രി പത്തരയോടെ എലിഫന്റ് ആംബുലൻസിൽ കയറ്റി കർണാടകയിലെ ബന്ദിപ്പുർ വന്യജീവി സങ്കേതത്തിൽ എത്തിച്ചു. പുലർച്ചെയാണ് ആന ചരിഞ്ഞത്.

കഴിഞ്ഞ മാസം 10ന് കർണാടക ഹാസൻ ഡിവിഷനിലെ ബേലൂർ എസ്റ്റേറ്റിൽനിന്ന് പിടികൂടി തണ്ണീർക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി ബന്ദിപ്പുർ വനത്തിൽ വിട്ടിരുന്നു. അവിടെ നിന്നാണ് കൊമ്പൻ മാനന്തവാടിയിൽ എത്തിയത്.

Related Articles

Latest Articles