ദില്ലി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി. കെജ്‌രിവാളിന് ജാമ്യം നല്‍കിയ റൗസ് അവന്യൂ കോടതി ഉത്തരവ് ദില്ലി ഹൈക്കോടതി അന്തിമ വിധിയിലൂടെ സ്‌റ്റേ ചെയ്തു. ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷയിലാണ് ദില്ലി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിചാരണ കോടതി കേസ് സംബന്ധിച്ച് കാര്യങ്ങള്‍ മനസിലാക്കിയിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
കേസില്‍ തങ്ങളുടെ പക്ഷം വാദിക്കാന്‍ ആവശ്യമായ സമയം വിചാരണ കോടതി നല്‍കിയില്ലെന്ന ഇഡിയുടെ വാദവും ഹൈക്കോടതി അംഗീകരിച്ചു. കേസിൽ അറസ്റ്റിലായി മൂന്ന് മാസം തികയാനിരിക്കെയാണ് ഒരു ലക്ഷം രൂപയുടെ ജാമ്യവ്യവസ്ഥയിൽ കെജ്‌രിവാളിന് ജൂണ്‍ 20 ന് വിചാരണക്കോടതിയായ റോസ് അവന്യൂ കോടതി ദില്ലി മുഖ്യമന്ത്രിക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം ഇഡി നല്‍കിയ അപേക്ഷയില്‍ ജാമ്യത്തിന് സ്റ്റേ നല്‍കി കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. തുടര്‍ന്ന് ഇഡിയുടെയും കെജ്‌രിവാളിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് ഹൈക്കോടതി അന്തിമ വിധി പ്രസ്താവിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 21-നാണ് ചോദ്യം ചെയ്യലിന് പിന്നാലെ കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്‌രിവാളിന് നേരത്തെ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് ജൂൺ ഒന്നിന് അവസാനിച്ചതിനെത്തുടർന്ന് ജൂൺ രണ്ടിന് കെജ്‌രിവാൾ തിരികെ ജയിലിലേക്ക് മടങ്ങുകയും ചെയ്തു.

