Monday, June 17, 2024
spot_img

സംസ്ഥാനത്ത് ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം: തിരുവനന്തപുരത്ത് 10 പേര്‍ക്ക് മിന്നലേറ്റു

തിരുവനന്തപുരം: കേരളത്തിൽ മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമാകുന്നു. പോത്തന്‍കോട് മണലകത്ത് 9 തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഒരു വീട്ടമ്മയ്ക്കും മിന്നലേറ്റു. വീട്ടമ്മയെ എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ തോന്നയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

അതേസമയം കാസര്‍കോഡ് ജില്ലയിലെ നീലേശ്വരം അനന്തംപള്ള അമൃതാനന്ദമയി മഠം റോഡിലെ
കെ.കെ.സുമേഷിന്റെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ മിന്നലേറ്റു പൊട്ടിത്തെറിച്ചു. 2 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ബോട്ട്‌ജെട്ടിക്കു സമീപത്തെ വ്യാപാരി രമണന്റെ വീട്ടിലെ 2 തെങ്ങുകള്‍ക്കു തീപിടിച്ചു. തുടർന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പൈപ്പില്‍ നിന്നു വെള്ളം ചീറ്റിയാണ് തീയണച്ചത്.

കൂടാതെ വീട്ടിലെ വൈദ്യുതി വയറിങ്ങും ഗൃഹോപകരണങ്ങളും കത്തിനശിച്ചു. പാലായി കാവില്‍ഭവന്‍ യോഗപ്രകൃതി ചികിത്സാ കേന്ദ്രത്തിനു സമീപത്തെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പ്രദീപിന്റെ വീട്ടിലെ ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങളും മിന്നലില്‍ നശിച്ചു.

അതേസമയം കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ജില്ലയിൽ ശക്തമായ മഴയുണ്ടാകും. കൂടാതെ 30 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും 12 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ചില ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മത്സ്യബന്ധനത്തിന്പോകുന്നവര്‍ ശ്രദ്ധിക്കണമെന്നും കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ലെന്നും മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുതെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

Related Articles

Latest Articles