Thursday, January 1, 2026

മഹാരാഷ്ട്രയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് ആറ് മരണം; 18 പേരെ കാണാതായി

മുംബൈ: കനത്ത മഴതുടരുന്നതിനിടെ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന് ആറ് പേര്‍ മരിച്ചു. 18 പേരെ കാണാതായി. അണക്കെട്ടിനോട് ചേര്‍ന്നുള്ള 15 വീടുകള്‍ ഒഴുകിപ്പോയി. അണക്കെട്ട് പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തെ ഏഴ് ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

വിവിധയിടങ്ങളില്‍ മഴ തുടരുന്നതിനാല്‍ മുംബൈ, താനെ, പാല്‍ഘര്‍ എന്നിവിടങ്ങളില്‍ ഇന്നും പൊതു അവധിയാണ്. ഇന്നലെ പെയ്ത കനത്ത മഴയില്‍ 42 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അടുത്ത രണ്ട് ദിവസവും മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

താഴ്ന്ന പ്രദേശങ്ങളായ കുര്‍ള, ദാദര്‍, സയണ്‍, ഘാഡ്‌കോപ്പര്‍, മലാഡ്, അന്ധേരി എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. മുംബൈയില്‍ 1500 ലേറെപേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. റണ്‍വേയില്‍ വെള്ളം കയറി മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നലെ താറുമാറായിരുന്നു. കാലപ്പഴക്കം ചെന്ന് പൊളിയാറായ ആയിരത്തിലധികം കെട്ടിടങ്ങള്‍ മുംബൈയില്‍ ഉള്ളതിനാല്‍ ജനങ്ങള്‍ ആശങ്കയോടെയാണ് കഴിയുന്നത്.

Related Articles

Latest Articles