തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടൻ പുറത്തുവിടാൻ കഴിയില്ലെന്ന്, സിനിമാ മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. കെ.കെ രമ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി പ്രതികരിച്ചത്.
സിനിമ മേഖലയിലെ പല സ്ത്രീകളും നേരിടേണ്ടി വന്ന ദുരനുഭവങ്ങളും, അവരുടെ വ്യക്തിവിവരങ്ങളുമുള്ളതിനാൽ റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ല. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണമുണ്ടാകുമെന്നും, അടുത്ത നിയമസഭ സമ്മേളനത്തില്‍ നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം 2017ൽ ഹേമ കമ്മീഷൻ സര്‍ക്കാര്‍ നിയോഗിക്കുകയും, 2019ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്യൂ.സി.സി പ്രതിനിധികൾ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

