ഭൂമി കുംഭകോണക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് സംസ്ഥാന നിയമസഭയില്‍ ഈ മാസം അഞ്ച്, ആറ് തീയതികളിലായി നടക്കുന്ന ചംപായ് സോറൻ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി നൽകി റാഞ്ചിയിലെ പ്രത്യേക കോടതി.
ബുധനാഴ്ചയാണ് ഹേമന്ത് സോറനെ ഇ.ഡി.അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്‍പായി അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച സോറനെ കോടതി അഞ്ച് ദിവസത്തെ ഇ.ഡി.കസ്റ്റഡിയില്‍ വിട്ടിരുന്നു. ഭാര്യയായ കൽപന സോറനെ മുഖ്യമന്ത്രി കസേരയിൽ എത്തിക്കണമെന്നായിരുന്നു ഹേമന്ത് സോറന്റെ താത്പര്യം. എന്നാൽ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുണ്ടായതോടെ കൽപനയെ തഴഞ്ഞ് ഹേമന്ത് സോറൻ സർക്കാരിലെ ഗതാഗത മന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപായ് സോറനെ തെരഞ്ഞെടുക്കുകയായിരുന്നു. വിശ്വാസവോട്ടെടുപ്പില്‍ ഭരണപക്ഷ എംഎൽഎമാർ ബിജെപി പക്ഷത്തേക്ക് ചായുമെന്ന ഭയത്താൽ അവരെ നിലവിൽ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

