തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിതീവ്ര ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ ദിവസങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പില്‍ ഉണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ് എന്നും കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടില്ലെന്നും മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
‘ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്. ഗൃഹോപകരണങ്ങളുമായുള്ള വൈദ്യുതി ബന്ധം വിഛേദിക്കണം. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണം’- മുന്നറിയിപ്പില്‍ പറയുന്നു.

