പോലീസിന്റെ കൈവശമുള്ള ക്രൈം ഡേറ്റയും വ്യക്തിഗത വിവരങ്ങളും ഊരാളുങ്കല്‍ ലേബര്‍ കരാര്‍ സൊസൈറ്റിക്ക് കൈമാറുന്ന നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനു വേണ്ടിയുള്ള ആപ്ലിക്കേഷന്‍ തയ്യാറാക്കാനായി രേഖകള്‍ കൈമാറുന്നതിനൊപ്പം ഈ സൊസൈറ്റിക്ക് 20 ലക്ഷം രൂപ നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനവും സ്റ്റേ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവായ ജ്യോതികുമാര്‍ ചാമക്കാല നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
പോലീസിന്റെ പക്കലുള്ള ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് സിസ്റ്റത്തിലെ വിവരങ്ങള്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടു പോലും നല്‍കാനാവില്ലെന്ന് പറയുന്ന സര്‍ക്കാര്‍ ഇതെങ്ങനെയാണ് ഒരു സ്വകാര്യ സ്ഥാപനമായ ലേബര്‍ കരാര്‍ സൊസൈറ്റിക്കു നല്‍കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. തുടര്‍ന്നാണ് രഹസ്യ വിവരങ്ങളും പണവും കൈമാറാനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ സ്റ്റേ ചെയ്തത്. സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്ക് വ്യക്തിഗതവിവരങ്ങളും ക്രൈം ഡേറ്റയും കൈമാറുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന സ്വകാര്യതയെന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.
ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്ന വിഷയം പൊതുതാല്പര്യ ഹര്‍ജിയുടെ ഗണത്തില്‍ വരുമോ എന്നു പരിശോധിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിച്ചപ്പോഴാണ് ഇടക്കാല ഉത്തരവു നല്‍കിയത്. ഹര്‍ജി ജനുവരി ആറിന് വീണ്ടും പരിഗണിക്കും

