അങ്ങനെ സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം ഹൈക്കോടതി ഇടപെട്ട് തടഞ്ഞു. 185 ലധികം പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ കോവിഡ് പ്രതിരോധ മാനദണ്ടങ്ങളേയും കാറ്റിൽപ്പറത്തി കളക്ടറുടെ ഉത്തരവിനെ പോലും രാഷ്ട്രീയ ഇടപെടലിലൂടെ പിൻവലിപ്പിച്ച് കേരളത്തിന്റെ പൊതു മനസാക്ഷിയെ വെല്ലുവിളിച്ചുകൊണ്ട് നടത്തിയ സമ്മേളനമാണ് ഇപ്പോൾ കോടതി ഇടപെട്ട് നിർത്തിയത്. പൊതു സമ്മേളനങ്ങൾ വിലക്കിക്കൊണ്ട് വ്യാഴാഴ്ച്ച തന്നെ കാസർഗോഡ് കളക്ടറുടെ ഉത്തരവുണ്ടായിരുന്നു. എന്നാൽ വലിയ രാഷ്ട്രീയ സമ്മർദ്ദം ഉപയോഗിച്ച് രണ്ട് മണിക്കൂറിനകം കളക്ടറുടെ ഉത്തരവ് പിൻവലിപ്പിച്ചാണ് പാർട്ടി, സമ്മേളനം നടത്തിയത്. കളക്ടറുടെ പുതിയ ഉത്തരവ് പ്രകാരം 75 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ കഴിയുക. ആ ഉത്തരവും ലംഘിച്ച് നിയമ വിരുദ്ധമായാണ് സമ്മേളനവുമായി പാർട്ടി മുന്നോട്ടു പോയത്. കോടതി വിധിയെ തുടർന്ന് കാസർഗോഡ് സമ്മേളനം നിർത്തിയെങ്കിലും ഒരു ഹൈക്കോടതി വിധിയോട് കാണിക്കേണ്ട ആദരവ് പാർട്ടി കാട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. കാരണം കാസർഗോഡ് സമ്മേളനം മാത്രമേ റദ്ദാക്കിയുള്ളു തൃശൂർ ആലപ്പുഴ സമ്മേളനങ്ങൾ നിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് ഇന്നലെ കോടിയേരി സഖാവ് പറഞ്ഞത്. കോടതിയുടെ മുന്നിൽ ഹർജിജിയായി വന്നത് കാസർഗോഡ് കാര്യം മാത്രമാണ്. അതിനാൽ ആക്കാര്യം മാത്രമാണ് വിധി പറയാൻ കഴിയുക. പക്ഷെ വിധിയുടെ പശ്ചാത്തലം സർക്കാർ മനസ്സിലാക്കേണ്ടതായിരുന്നു. രൂക്ഷമായ കോവിഡ് കാലത്തെ സമ്മേളനങ്ങൾക്കെതിരെയുള്ള പൊതു വികാരം മനസ്സിലാക്കണമായിരുന്നു. കോടതി വിധി തൃശ്ശൂരിനും ആലപ്പുഴകും ബാധകമല്ലെന്ന സാങ്കേതികത്വം പറയുമ്പോൾ അത് കോടതിയോടുള്ള നിയമ സംവിധാനങ്ങളോടുള്ള അനാദരാവാണ്. കോവിഡ് പ്രതിരോധം മുൻ നിർത്തി ശക്തമായ നടപടികൾ സ്വീകരിച്ച കാസറഗോഡ് കളക്ടറോടുള്ള പാർട്ടിയുടെയും സർക്കാരിന്റെയും നിലപാടും ഇന്നലെ ജനങ്ങൾക്ക് ബോധ്യമായി സത്യസന്ധമായി കൃത്യ നിർവ്വഹണം നടത്തിയ കളക്ടർ ഇന്നലെ നീണ്ട അവധിയിൽപോയി. കോടതി വിധി അതിന്റെ യഥാർത്ഥ അർത്ഥത്തിലെടുക്കാൻ പാർട്ടിയോ സർക്കാരോ തയ്യാറാകുന്നില്ല. കോടതി വിധിയോടുള്ള ലാഘവ നിലപാടുകൾക്ക് ഇനിയും ധാരാളം ഉദാഹരണങ്ങളുണ്ട്. കെ റെയിലുമായി ബന്ധപ്പെട്ട കല്ലിടൽ നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞുകഴിഞ്ഞു. റെയിൽവേ ബോർഡിന്റെയും കേന്ദ്ര സർക്കാരിന്റെയും പ്രാഥമിക അനുമതിക്ക് ശേഷമേ പദ്ധതിക്ക് ധനസമാഹരണം നടത്താനാകൂ. അതിനു ശേഷമുള്ള അന്തിമ അനുമതിക്ക് ശേഷമേ ഭൂമി ഏറ്റെടുക്കാനാകൂ എന്നിരിക്കേ കോടതി വിധിക്ക് ശേഷവും കെ റെയിൽ എന്ന് ആലേഖനം ചെയ്ത കല്ലിടുന്നത് സർക്കാർ നിർബാധം തുടരുകയാണ്. പലേടത്തും ഇതിനെച്ചൊല്ലി സംഘര്ഷങ്ങളുമുണ്ടാകുന്നു.രാജ്യത്തെ നിയമത്തോടും നിയമ കോടതി സംവിധാനങ്ങളോടും പുല്ലുവിലയാണ് പിണറായി വിജയന്. ഇത് ജനാധിപത്യ വിരുദ്ധവും നിയമ വിരുദ്ധവുമായ സെൽ ഭരണത്തിന്റെ ലക്ഷണങ്ങളാണ്. ഈ സംസ്ഥാനത്തിന്റെ പൂർണ്ണമായ ക്രമസമാധാന തകർച്ചയിലേക്കാണ് ആത്യന്തികമായി സെൽ ഭരണം കൊണ്ടെത്തിക്കുക. അതിന്റെ ഉത്തമ ഉദാഹരണമാണ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ. സെൽ ഭരണം ആ സർക്കാരിനെ എവിടെയെത്തിച്ചുവെന്ന് ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ദുർഭരണം തുടരുകയാണെങ്കിൽ പിണറായി വിജയൻ സർക്കാരിനെയും കാത്തിരിക്കുന്നത് അതെ വിധിതന്നെയായിരിക്കും.

