ബെംഗളൂരു: ഹിജാബ് വിവാദത്തിൽ കർണാടകത്തിൽ രണ്ടിടത്ത് സംഘർഷം നടന്നു. നല്ലൂരിലും ദാവൻഗരയിലും നടന്ന സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവിടെ നിന്നും പരിക്കേറ്റവരിൽ സ്ത്രീയും ഉൾപ്പെടുന്നു. നല്ലൂരിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ആളുകൾ കല്ലെറിഞ്ഞു. കൂടാതെ യുവാവിന് ക്രൂരമായി വെട്ടേറ്റു.
അതേസമയം സംഘർഷത്തിൽ തലയ്ക്കും നടുവിനും പരിക്കേറ്റ ദിലീപ് എന്നയാളെ വിദഗദ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് തന്നെയാണ് കല്ലേറിൽ സ്ത്രീക്ക് പരിക്കേറ്റത്. ഇതേസമയം തന്നെ കർണാടകയിലെ ദാവൻഗരയിലും സംഘർഷം നടന്നു. ഒരു സംഘം നാഗരാജ് എന്നയാളെ വളഞ്ഞിട്ട് മർദ്ദിച്ചു. ഇതോടെ പൊലീസ് ലാത്തിവീശി. നാഗരാജും ദിലീപും ഹിജാബ് നിരോധനത്തെ അനുകൂലിച്ചിരുന്നു.
ഇതിനു പിന്നലെ നിസ്‌കാര സൗകര്യം ഒരുക്കിയതിന് മംഗ്ലൂരുവിലെ സർക്കാർ സ്‌കൂളിനെതിരെ കർണാടക വിദ്യാഭ്യാസ വകുപ്പ് നടപടിക്കൊരുങ്ങിയിരിക്കുകയാണ്. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനോട് വിശദീകരണം തേടി. മംഗ്ലൂരു കഡബ സർക്കാർ സ്‌കൂളിലാണ് സംഭവം.
സ്‌കൂളിൽ എന്തിനാണ് നിസ്‌കാര സൗകര്യം ഒരുക്കിയതെന്ന് വ്യക്തമാക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ച്ച നമസ്‌കാരത്തിനായി ഒഴിവുള്ള ക്ലാസിൽ സൗകര്യം നൽകിയതാണെന്ന് സ്‌കൂൾ അധികൃതർ വിശദീകരണം.

