കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബംഗ്ലാദേശിൽ നടക്കുന്നത് ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും മറിച്ച് ആസൂത്രിതമായ വംശഹത്യാ ശ്രമങ്ങളാണെന്നും ഫൗണ്ടേഷൻ വിലയിരുത്തി. കോഴിക്കോട് ചേർന്ന ഫൗണ്ടേഷന്റെ പൊതുയോഗത്തിലാണ് ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ പങ്കുവെച്ചത്.
ഒരു പ്രത്യേക ജനവിഭാഗത്തെ നിരന്തരം ഭീതിയിലാഴ്ത്തി അവരെ സ്വന്തം മണ്ണിൽ നിന്നും ആട്ടിയോടിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വിശ്വാസത്തിന്റെ പേരിൽ മനുഷ്യരെ ക്രൂരമായി കൊലപ്പെടുത്തുകയും അവരുടെ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്യുന്ന നടപടികൾ അത്യന്തം അപലപനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ജീവനും സ്വത്തിനും വിശ്വാസത്തിനും പൂർണ്ണ സംരക്ഷണം ഉറപ്പാക്കാൻ അവിടുത്തെ സർക്കാർ അടിയന്തരമായി ഇടപെടണം. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നു കർശന ശിക്ഷ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകാത്ത പക്ഷം, ഈ അതിക്രമങ്ങൾ ഭരണകൂട പിന്തുണയോടെ നടക്കുന്ന വംശഹത്യയായി ചരിത്രം രേഖപ്പെടുത്തുമെന്നും ഫൗണ്ടേഷൻ മുന്നറിയിപ്പ് നൽകി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന അന്താരാഷ്ട്ര സമൂഹം, ബംഗ്ലാദേശിലെ ഹിന്ദുക്കൾ നേരിടുന്ന ഈ ദുരവസ്ഥ കണ്ടില്ലെന്ന് നടിക്കുന്നതിലും യോഗം പ്രതിഷേധം അറിയിച്ചു. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ആഗോള സംഘടനകൾ ഈ വിഷയത്തിൽ ഇടപെടണമെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഒ. ബാബുരാജ് വൈദിക് അദ്ധ്യക്ഷത വഹിച്ച യോഗം ഫൗണ്ടേഷൻ ട്രസ്റ്റി പി.ടി. വിപിൻ ആര്യ ഉദ്‌ഘാടനം ചെയ്തു. സനീഷ് റാം സ്വാഗതവും ഇ. അജിത് കുമാർ വൈദിക് നന്ദിയും രേഖപ്പെടുത്തി. കെ. ചന്ദ്രൻ വൈദിക്, പി. ഹരിദാസൻ വൈദിക്, എം. സതീദേവി വൈദിക് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

