വലിയ വിവാദങ്ങൾക്കും കൊടുങ്കാറ്റുകൾക്കും സാധ്യതയുള്ള മറ്റൊരു വിഷയം എത്തിക്കഴിഞ്ഞു. ചരക ശപഥം. മെഡിക്കൽ വിദ്യാർത്ഥികൾ വര്ഷങ്ങളായി ചൊല്ലിവന്നിരുന്ന ഹിപ്പോക്രറ്റിക് വൊത്തിനു പകരം ചരക ശപഥം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുകയാണല്ലോ. ഇനിയിപ്പോ ചാരകനും RSS കാരനാകാൻ എല്ലാ സാധ്യതയുമുണ്ട്. ആയുർവേദ ആചാര്യനെ ആധുനിക വൈദ്യ ശാസ്ത്രം എന്തിനാരാധിക്കണം എന്ന് കരുതുന്നവരുണ്ട്. പക്ഷെ ആയുർ വേദമടക്കമുള്ള പരമ്പരാഗത ചികിത്സാ രീതികളുടെ വികാസവും രൂപാന്തരണവുമാണ് ആധുനിക വൈദ്യശാസ്ത്രം എന്ന് നാം മറക്കരുത്. ലോകത്ത് ഏറ്റവും പഴക്കമേറിയ വൈദ്യശാസ്ത്ര പുസ്തകമായ ചാരക സംഹിതയുടെ കർത്താവാണ് ഭാരതീയനായ ചരക മഹർഷി. യജുർവേദത്തിൽ അദ്ദേഹത്തെപ്പറ്റി പരാമര്ശമുള്ളതിനാൽ വേദ കാലഘട്ടത്തിലോ അതിനു മുന്നെയോ ആയിരിക്കാം ചരക മഹർഷിയുടെ ജീവിത കാലഘട്ടം എന്ന് അനുമാനിക്കാം.
ഗ്രീക്കുകാരനായ ഹിപ്പോക്രാറ്റസിൻറെയും ചരക മഹർഷിയുടെയും ചികിത്സാ കാഴ്ചപ്പാടുകളിൽ ധാരാളം സാമ്യതകളുണ്ട്. ചരക മഹർഷി ഇന്ത്യൻ സാഹചര്യങ്ങക്കനുസരിച്ചുള്ള ചിന്തകളാണ് പ്രചരിപ്പിച്ചിരുന്നത്. 5000 വർഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന ചരക സംഹിത തന്നെയാണ് 3000 വർഷങ്ങൾക്ക് മുമ്പ് മാത്രം ജീവിച്ചിരുന്ന ഹിപ്പോക്രറ്റസ്സിനേക്കാൾ മെച്ചം. ഗ്രീക്കുകാർ ഹിപ്പോക്രറ്റസിനെ എടുത്തോട്ടെ നമുക്ക് നമ്മുടെ പാരമ്പര്യം പഠന വിധേയമാക്കാം എന്നാണ് കേന്ദ്ര സർക്കാർ നയം. ചികിത്സാ രംഗത്ത് വർഗീയത പടർത്തുന്നു, ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമം, മനുസ്മൃതി വിചാര ധാര ഹിന്ദു രാഷ്ട്രം ഇങ്ങനെ നിരവധി കരച്ചിലുകൾ ഉണ്ടായേക്കാം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ പോകുന്നു എന്ന് പറഞ്ഞ് ഇനി RSS നു നാല് ചീത്തവിളിയും കിട്ടിയേക്കാം. പക്ഷെ ഒരു കാര്യം പറയാം ഈ രാഷ്ട്രത്തെ ആർക്കും ഹിന്ദുരാഷ്ട്രമാക്കാൻ കഴിയില്ല. കാരണം സംഹസ്രാബ്ദങ്ങളായി ഇതൊരു ഹിന്ദുരാഷ്ട്രമാണ് ഇപ്പോഴും ഹിന്ദുരാഷ്ട്രമാണ് ഇനി ഹിന്ദു രാഷ്ട്രമായി തുടരുകയും ചെയ്യും. ജനസംഖ്യാപരമായി ഹിന്ദുക്കൾ ഭൂരിപക്ഷമായതു കൊണ്ടാണ് ഈ രാഷ്ട്രം ഹിന്ദു രാഷ്ട്രമാകുന്നത്. ഹിന്ദുരാഷ്ട്രമായതുകൊണ്ട് തന്നെ അത് മതേതരവുമാണ്. ഭരണഘടനയിൽ ഹിന്ദുരാഷ്ട്രമെന്നോ മതേതര രാഷ്ട്രമെന്നോ ഒരുവരിയെഴുതുന്നതിൽ ഒരർത്ഥവുമില്ല. അതുകൊണ്ടാണ് നമ്മുടെ ഭരണഘടനാ ശിൽപ്പികൾ ഇന്ത്യ ഹിന്ദുരാഷ്ട്രമെന്നോ മതേതര രാഷ്ട്രമെന്നോ എഴുതിവെക്കാത്തത്

