Tuesday, May 14, 2024
spot_img

സെക്യൂരിറ്റി സർവീസല്ല തന്റെ പണി, എല്ലാ ദിവസവും ഹോസ്റ്റലിൽ പോയി നോക്കാനൊന്നും കഴിയില്ല;സിദ്ധാര്‍ത്ഥിന്റെ അമ്മാവനെ വിവരം പറയാൻ വിദ്യാര്‍ത്ഥി വിളിച്ചത് താൻ പറഞ്ഞിട്ട്; വിചിത്ര ന്യായങ്ങൾ നിരത്തി ഡീൻ ‌

വയനാട്: എസ് എഫ് ഐയുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ആദ്യമായി പ്രതികരിച്ച് ഡീൻ എം.കെ നാരായണൻ. തന്റെ ഭാ​ഗത്ത് വീഴ്ചയില്ലെന്നും സെക്യൂരിറ്റി സർവീസല്ല ഡീനിന്റെ പണിയെന്നും അദ്ദേഹം പറഞ്ഞു. ഹോസ്റ്റലിൽ റസിഡന്റ് ട്യൂട്ടറിന്റെ അഭാവമുണ്ട്. നേരത്തെ പ്രശ്‌നമൊന്നുമില്ലാത്ത സാഹചര്യത്തിൽ അത് വിഷയമായിരുന്നില്ല. ഇപ്പോൾ സെക്യൂരിറ്റി പ്രശ്‌നമുണ്ട്. എല്ലാ ദിവസവും തനിക്ക് പോയി ഹോസ്റ്റലിലെ വിവരങ്ങൾ അന്വേഷിക്കാൻ കഴിയില്ലെന്നുമുള്ള വിചിത്ര ന്യായങ്ങൾ നിരത്തിയാണ് ഡീൻ പ്രതികരിച്ചത്.

ഫെബ്രുവരി 18-നാണ് സംഭവം നടക്കുന്നത്. അന്ന് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് കുട്ടികളെ കൊണ്ടുപോയത് അസിസ്റ്റൻ്റ് വാർഡൻ ആയിരുന്നു. അദ്ദേഹം കോഴിക്കോട് നിന്നും ഉച്ചയ്‌ക്ക് 1.40-ന് വിളിച്ച് ആത്മഹത്യാശ്രമം നടന്നതായി അറിയിച്ചു. പത്ത് മിനിറ്റിനുള്ളിൽ താൻ സ്ഥലത്തെത്തി. ഹോസ്റ്റലിൽ ചെന്നപ്പോൾ കുട്ടികൾ പോലീസിൽ വിവരം അറിയിച്ച് ആംബുലൻസിനായി കാത്ത് നിൽക്കുകയായിരുന്നു. ഇതിനിടെ ബന്ധുക്കളെ വിളിച്ച് അറിയിക്കാൻ മറ്റൊരാളെ ചുമതലപ്പെടുത്തിയെന്നും ഡീൻ പറയുന്നു.

ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. എന്നാൽ ജീവൻ രക്ഷിക്കുന്നതിൽ പരാജയപ്പെട്ടു. സംഭവ ദിവസം ഔദ്യോ​ഗിക വാഹനങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ മറ്റൊരു കുട്ടിയുടെ വാഹനത്തിലാണ് ആംബുലൻസിനെ പിന്തുടർന്നത്. ഡോക്ടർമാർ മരണം സ്ഥിരീകരിച്ച് 10 മിനിറ്റിനുള്ളിൽ വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. തന്റെ തന്നെ വിദ്യാർത്ഥിയായ കൃഷ്ണകാന്ത് എന്ന കുട്ടിയാണ് സിദ്ധാർത്ഥന്റെ അമ്മാവനായ ഷിബുവിനെ വിവരം അറിയിച്ചത്.

തുടർനടപടിക്കായി താൻ ഡോക്ടറുമായി സംസാരിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലാണ് വിവരം അറിയിക്കാൻ മറ്റൊരു കൂട്ടിയെ ചുമതലപ്പെടുത്തിയത്. എല്ലാകാര്യവും ഡീൻ അറിയിക്കണമെന്ന് വാശി പിടിക്കുന്നത് ശരിയല്ലെന്നും എം.കെ നാരായണൻ പറഞ്ഞു. മർദ്ദനമൊന്നും ഉണ്ടായിട്ടില്ലെന്ന് അസിസ്റ്റന്റ് വാർഡൻ എഴുതി നൽകി. സിദ്ധാർത്ഥ് മർദ്ദന വിവരം കോളേജിലോ വീട്ടിലേ പറഞ്ഞിട്ടില്ലെന്നും ഡീൻ പറഞ്ഞു.

Related Articles

Latest Articles