നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡുമായി സമാധാന കരാറിൽ ഒപ്പുവച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാളും സംഘടനയുടെ നേതാക്കളുമാണ് സമാധാന കരാറിൽ ഒപ്പുവച്ചത്.
വർഷങ്ങളായി വിഘടനവാദം ഉയർത്തിപ്പിടിച്ച് ആസാമിൽ ആഭ്യന്തര കലാപങ്ങൾ നടത്തിക്കൊണ്ടിരുന്ന സംഘടനയാണ് ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ്. ഓൾ ബോഡോ സ്റ്റുഡന്റസ് യൂണിയനും ആയുധം ഉപേക്ഷിച്ച് കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. എൻഡിഎഫ്ബിയുടെയും എബിഎസ്യുവിന്റെയും നാല് വിഭാഗങ്ങളാണ് കീഴടങ്ങിയിരിക്കുന്നത്.
ഇതോടെ പതിറ്റാണ്ടുകളായി തുടരുന്ന രക്തച്ചൊരിച്ചിൽ അവസാനിച്ചു. ബോഡോ ജനതയുടെ സമഗ്ര വികസനത്തിനായി 1500 കോടിയുടെ പാക്കേജും ഉറപ്പാക്കിയിട്ടുണ്ട്.
ബോഡോ മേഖലയുടെയും ആസാമിന്റെയും വികസനത്തിന് കരാർ സഹായിക്കുമെന്ന് അമിത് ഷാ പറഞ്ഞു. 1,500 ലധികം തീവ്രവാദികൾ ജനുവരി 30 ന് കീഴടങ്ങും. ഇവർ ഇപ്പോൾ തീവ്രവാദികളല്ല, എല്ലാവരും ഞങ്ങളുടെ സഹോദരന്മാരാണെന്നും അമിത് ഷാ പറഞ്ഞു. ഇവരിൽ ക്ലീൻ റെക്കോർഡ് ഉള്ളവരെ അർധസൈനിക വിഭാഗത്തിന്റെ ഭാഗമാക്കും. ബോഡോ പ്രസ്ഥാനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നൽകുമെന്നും അമിഷാ കൂട്ടിച്ചേർത്തു.

