ദില്ലി : ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സമൂഹ മാദ്ധ്യമമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് അപ്രതീക്ഷിത തീരുമാനം രോഹിത് അറിയിച്ചത്. അതേസമയം ഏകദിന ഫോർമാറ്റിൽ താരം തുടരും.
‘ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന കാര്യം എല്ലാവരോടുമായി പങ്കുവെക്കുകയാണ്. വെള്ളക്കുപ്പായത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. വര്‍ഷങ്ങളായി പ്രകടിപ്പിക്കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി കളിക്കും.’ – രോഹിത് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.
ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ട്വന്റി – ട്വന്റി ഫോർമാറ്റിൽ നിന്നും രോഹിത് ശർമ്മ വിരമിച്ചിരുന്നു. 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 4301 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. 12 സെഞ്ചുറികളും 18 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. 40.57 ആണ് ശരാശരി.

