തിരുവനന്തപുരം: എച്ച്എൽഎൽ വിൽപനയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി (HLL Auction). എച്ച്എൽഎൽ (ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്) സ്വകാര്യ വല്‍ക്കരണത്തില്‍ ലേലത്തില്‍ പങ്കെടുക്കാന്‍ കേരള സര്‍ക്കാരിന് അനുമതിയില്ല. സംസ്ഥാന സര്‍ക്കാരിനോ പൊതുമേഖലാ സ്ഥാപനത്തിനോ പങ്കെടുക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ലേലത്തിൽ പങ്കെടുക്കാൻ അനുമതിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്തയയ്ക്കുകയായിരുന്നു. വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന മിനി രത്ന പദവിയിലുള്ള കമ്പനി വിൽക്കാനുള്ള തീരുമാനത്തിനെതിരെ കേരളം ആദ്യം എതിർപ്പറിയിച്ചിരുന്നു. എച്ച്എൽഎൽ ലൈഫ് കെയർ 5375 കോടി ടേണോവർ ഉള്ള, പിന്നിട്ട വർഷം 145 കോടി ലാഭം നേടിയ പൊതുമേഖലാ സ്ഥാപനം ആണ്.ഈ വർഷം ഇതുവരെ ലാഭം അഞ്ഞൂറ് കോടി പിന്നിട്ടു. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽപനക്ക് വച്ച പട്ടികയിൽ എച്ച്എൽഎല്ലിനെയും ഉൾപ്പെടുത്തിയതോടെയാണ് കേരള സർക്കാർ ഏറ്റെടുക്കാനുളള സാധ്യത തേടിയത്.
കെഎസ്ഐടിസിയെ ഇതിനായി ചുമതലപ്പെടുത്തി. എന്നാൽ ഈ നീക്കങ്ങൾക്ക് തിരിച്ചടിയായിട്ടാണ് കേന്ദ്രസർക്കാരിന്‍റെ ഈ മറുപടി . സർക്കാരിന് നേരിട്ട് 51 ശതമാനം ഓഹരിയുള്ള സ്ഥാപനങ്ങൾ വാങ്ങുന്നതിൽ സർക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങൾക്കും അനുമതിയില്ലെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

