തെക്കുംഭാഗത്ത് കിണറ്റില്‍ വീണ രണ്ട് കാട്ടുപന്നികളെ വനപാലകരുടെ മേല്‍നോട്ടത്തില്‍ വെടിവച്ചുകൊന്നു. 32-ഉം 34-ഉം കിലോ ഭാരമുള്ള പന്നികളെയാണ് വെടിവച്ചുകൊന്നത്.
ഹൈക്കോടതി ഉത്തരവിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു നടപടികൾ പൂർത്തിയാക്കിയത്. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ജനവാസ പ്രദേശത്തേയ്ക്കിറങ്ങിയ കാട്ടുപന്നികള്‍ സംരക്ഷണ ഭിത്തിയില്ലാത്ത കിണറില്‍ വീഴുകയായിരുന്നു. മോട്ടോറില്‍ വെള്ളം കയറാതായതോടെ പരിശോധിച്ചപ്പോഴാണ് പന്നികള്‍ കിണറ്റില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു.
വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. കിണറ്റില്‍ ഇറങ്ങുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ കരയില്‍നിന്ന് വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചു. അത് നടക്കാത്തതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അവര്‍ വല വിരിയ്ക്കുകയും കിണറിന്റെ സുരക്ഷിത ഭാഗം വരെ ഏണി ഉപയോഗിച്ച് ഇറങ്ങിയാണ് പന്നികളെ വെടിവെച്ചുകൊന്നത്.

