കൊച്ചി :തന്റെ വീടും പുരയിടവും സ്വകാര്യ ബിസിനസ് ഗ്രൂപ്പും ഇടനിലക്കാരും തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കൊച്ചി വൈറ്റിലയിൽ യുവാവിന്റെ ആത്മഹത്യാഭീഷണി. ആലപ്പുഴ പട്ടണക്കാട് സ്വദേശി മൈക്കിൾ വർക്കിയാണു (25) ആത്മഹത്യാഭീഷണി മുഴക്കിയത്. വൈറ്റില – കുണ്ടന്നൂർ റോഡിലെ കെട്ടിടത്തിനു മുകളിലാണ് ഇയാൾ മണ്ണെണ്ണയുമായി കയറിയത്.
യുവാവ് ഇതേ വിഷയം ഉന്നയിച്ചു വൈറ്റിലയിൽ ദിവസങ്ങളോളം രാപകൽ സമരം നടത്തിയിരുന്നു. എന്നാൽ സമരം നടത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനാലാണ് ഇയാൾ ആത്മത്യാഭീഷണി മുഴക്കിയതെന്നാണ് ലഭിക്കുന്ന വിവരം. ഭീഷണി കാരണം നാട്ടിൽ കഴിയാൻ പറ്റാതായതോടെയാണു കൊച്ചിയിൽ എത്തിയതെന്നാണു യുവാവ് പറയുന്നത്. ഇയാളെ പോലീസും ഫയർ ഫോഴ്സും അനുനയിപ്പിച്ച് താഴെയിറക്കി.
ചേർത്തല പട്ടണക്കാട്ട് മൈക്കിളിന്റെ വീടിനു ചുറ്റുമുള്ള സ്ഥലം വർഷങ്ങൾക്കു മുൻപ് സ്വകാര്യ സ്ഥാപനം വെയർഹൗസ് നിർമാണത്തിനായി വാങ്ങിയിരുന്നു. ഇവർക്കു സ്ഥലം വിൽക്കാൻ മൈക്കിളും കുടുംബവും തയാറായില്ല. അന്നുമുതൽ കമ്പനി ജീവനക്കാരും പ്രദേശത്തെ ഇടനിലക്കാരും ഭീഷണിപ്പെടുത്തുന്നു എന്നാണ് യുവാവിന്റെ ആരോപണം. എന്നാൽ ആരോപണങ്ങൾ കമ്പനി നിഷേധിച്ചു.

