Monday, May 20, 2024
spot_img

ബിഡിജെഎസ് പിടിച്ച വോട്ടെത്ര? കണക്കു കൂട്ടും തോറും മുന്നണികള്‍ക്ക് ചങ്കിടിപ്പ്

തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാന മുന്നണികളെല്ലാം തെരഞ്ഞെടുപ്പു പ്രാഥമിക വിലയിരുത്തലുകള്‍ നടത്തിക്കഴിഞ്ഞു. ഇരുപതു സീററുകളും വിജയിക്കുമെന്നാണ് യുഡിഎഫും എല്‍ഡിഎഫും അവകാശം ഉന്നയിക്കുമ്പോള്‍, എന്‍ഡിഎ ഉറപ്പു പറയുന്നത് രണ്ടു മണ്ഡലങ്ങളാണ്. ആ കണക്കുകൂട്ടലുകള്‍ ശരിയാവുകയാണെങ്കില്‍ തന്നെ വന്‍ നേട്ടമായും എന്‍ഡിഎ കണക്കു കൂട്ടുന്നു. വോട്ട് ഷെയറിലും എന്‍ഡിഎ വന്‍ വര്‍ദ്ധനവ് കണക്കു കൂട്ടുന്നു. എന്‍ഡിഎ നേട്ടം കൊയ്താല്‍ അതിന്റെ അവകാശികളില്‍ മുഖ്യസഖ്യകക്ഷിയായ ബിഡിജെസും ഉണ്ടാവും.

ബി.ഡി.ജെ.എസ്. നാലു സീറ്റുകളിലാണ് മത്സരിച്ചത്. കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി എന്നിവ. ഇവയൊന്നും മുന്നണിയെ സംബന്ധിച്ചിടത്തോളം വലിയ സാദ്ധ്യതകളുള്ള മണ്ഡലങ്ങളല്ല. എങ്കില്‍ പോലും മികച്ച പ്രകടനം ബിഡിജെസ് സ്ഥാനാര്‍ത്ഥികള്‍ നടത്തുമെന്ന സൂചനയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്നത്. ഇടതും വലതും പതിവായി പങ്കുവച്ചിരുന്ന വോട്ടുകള്‍ ഇത്തവണ ഭിന്നിച്ചതായും പരമ്പരാഗത വോട്ടുകളില്‍ പോലും കുറവുണ്ടാകുമെന്ന വിലയിരുത്തല്‍ എല്‍ഡിഎഫിനും യുഡിഎഫിനും ചങ്കിടിപ്പു കൂട്ടുന്നു. നിര്‍ണ്ണായകമായ വോട്ടു വിഹിതം എന്‍ഡിഎ നേടിയാല്‍ കണക്കു കൂട്ടിയ വിജയം കൈവിട്ടു പോകുമോ എന്ന ആശങ്ക ഇരു മുന്നണികള്‍ക്കുമുണ്ട്.

ബിഡിജെഎസിന് സംസ്ഥാനമൊട്ടാകെ സ്വാധീനമൊന്നും ഇല്ല. പക്ഷേ, കോട്ടയം ഇടുക്കി തൃശൂര്‍ മേഖലകളിലെ ഈഴവ സമുദായാംഗങ്ങളുടെ ധ്രുവീകരണം ശ്രദ്ധേയമാണ്. പരമ്പരാഗതമായി ഈഴവ വോട്ടുകളില്‍ ഭൂരിഭാഗവും ലഭിക്കുന്നത് സിപിഎമ്മിനാണ്. എന്നാല്‍ നഷ്ടമായ വോട്ടുകളുടെ ഒഴുക്ക് ആരുടെ പെട്ടിയിലേക്കാണെന്നതാണ് പ്രധാനം. വോട്ടു ചോര്‍ച്ച ഉണ്ടായെങ്കില്‍ ഇടതു സ്ഥാനാര്‍ത്ഥികളുടെ ജയ സാദ്ധ്യതതെ അതു ബാധിക്കും. സി.പി.എം. അവലോകന യോഗത്തിലും കെ.പി.സി.സി.യുടെ അവലോകന യോഗത്തിലും ബി.ഡി.ജെ.എസിന്റെ വോട്ട് വിഹിതം ചര്‍ച്ചയായിരുന്നു.

ബി.ഡി.ജെ.എസ്. ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയായ കോട്ടയം ഈ വിലയിരുത്തലിലാണ് നിര്‍ണ്ണായകമാകുന്നത്. ഈഴവ സമുദായ അംഗങ്ങള്‍ കൂടുതലുള്ള വൈക്കം, കുമരകം, തിരുവാര്‍പ്പ് മേഖലകളിലെ ഉയര്‍ന്ന പോളിങ്ങും ബി.ഡി.ജെ.എസിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ വൈകിയതു മുതല്‍ നെല്ലിന്റെ വില വരെ മറിച്ചു ചിന്തിക്കാന്‍ ഈ ജനവിഭാഗങ്ങളെ പ്രേരിപ്പിച്ചുവെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related Articles

Latest Articles