മകരവിളക്ക് കഴിഞ്ഞിട്ടും ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ക്യൂ കോംപ്ലക്സ് നിറഞ്ഞ് മരക്കൂട്ടം വരെ നീളുന്ന ക്യൂവാണ് ഇപ്പോൾ ശബരിമലയിലുള്ളത്. നാല് മണിക്കൂറിലേറെ ക്യൂ നിന്നാണ് ഭക്തർ ദർശനം നടത്തിയത്. വൈകിട്ട് 11ന് നടയടച്ച ശേഷവും ഭക്തരെ പതിനെട്ടാംപടി കടത്തിവിടുകയാണ്. അങ്ങനെ ചെയ്തെങ്കിൽ മാത്രമേ മരക്കൂട്ടം വരെയുള്ള ക്യൂ നിയന്ത്രണവിധേയമാക്കാനാകൂ എന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതേത്തുടർന്ന് പമ്പയിൽ നിന്ന് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത് താത്കാലികമായി നിർത്തിവച്ചു. മകരവിളക്കിന് 2,000ലേറെ പോലീസുകാരെ വിന്യസിച്ചിരുന്നെങ്കിലും ഇവരെല്ലാം തിരികെ മടങ്ങി. നിലവിൽ 700ഓളം പോലീസുകാർ മാത്രമാണ് ഇവിടെയുള്ളത്.
ഈ പോലീസ് ഉദ്യോഗസ്ഥരിൽ പലരും ശബരിമലയിൽ ആദ്യമായി നിയോഗിക്കപ്പെട്ടവരാണ്. ഇങ്ങനെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പരിചയക്കുറവും തിരക്ക് വർധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിവരം. സാധാരണയായി മകരവിളക്കിനു ശേഷം ശബരിമലയിൽ തിരക്ക് കുറയുകയാണ് പതിവ്.

